Saturday, November 22, 2008

30.അസാവാഖ്(Azawakh)

വളരെ വെത്യെസ്തമായ ഒരു രൂപമാണ് ഇവയുടെ..ചെറുരോമവും (വയറില്‍ ഒട്ടും തന്നെ ഇല്ല..)വണ്ണം ഒട്ടും ഇല്ലാത്ത ശരീരവും..പട്ടിണികോലം എന്ന് തോന്നിപ്പിക്കുന്ന ഇവ വളരെ ഉയരം ഉള്ള ഇനം ആണ്..തൂങ്ങി അഗ്രം വളഞ്ഞ വാല്‍ ആണ് ഇവയുടെ.ശബ്ദം ഉണ്ടാക്കാതെ ഓടാന്‍ കഴിവുള്ളവയാണ്‌ ഇവ..

ഉടമയോട് വളരെ സ്നേഹമുള്ള ഇവ അപരിചിതരെ ആക്രമിക്കുന്ന ഇനം ആണ്..വെട്ടയ്ക്കുപയോഗിക്കുന്ന ഇവ നല്ലൊരു കാവല്‍ നായയും അതോടൊപ്പം നല്ലൊരു രക്ഷയ്ക്കുപയോഗിക്കാവുന്ന നായയും കൂടിയാണ്..

ടോരെഗ് സ്ലോഗി,ഇടിയന്‍ എല്ലെലി,ടുരേഗ് ഗ്രേ ഹൗണ്ട്,സൌത്ത് സഹാറന്‍ ഗ്രേ ഹൗണ്ട് എന്നും പേരുണ്ട് ഇവയ്ക്ക്‌.

ഇരുപത്തി ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തി അഞ്ചു കിലോ വരെ ഭാരം വയ്ക്കും.

ഗ്രാമത്തില്‍ മാത്രം വളര്‍ത്താന്‍ കൊള്ളാവുന്ന ഇവ ആഫ്രിക്കയിലെ മാലിക്കാരന്‍ ആണ്.

പതിനൊന്നു മുതല്‍ പതിമൂന്നു വരെ വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ഏഴ് കുഞ്ഞുങ്ങള്‍ കാണും.

"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

29.ഓസ്ട്രിയന്‍ ഗ്രാന്‍ഡ്‌ബ്രാകിസ് (Austrian Grand Brackes)


മുയലിനെയും കുറുക്കനെയും പിടിക്കാനുള്ള ഇവയുടെ കഴിവാണ് ഏറ്റവും മികച്ചതെന്ന് പറയാവുന്നത്..മുറിവേറ്റതോ ചത്തതോ ആയ ഇരയെ കണ്ടെത്തുകയാണ് ഇവയുടെ പ്രധാന ജോലി.ശബ്ദം ഉണ്ടാക്കാതെ ഇരപിടിക്കാന്‍ ഇവ സമര്‍ത്ഥന്‍ ആണ്..
ഇവ നല്ല ഉയരമുള്ള പ്രദേശങ്ങളില്‍ ജീവിക്കാന്‍ കഴിവുള്ളവയാണ്‌..
ഇരുപത്തിമൂന്ന് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തി മൂന്നു കിലോവരെ ഭാരവും വയ്ക്കും.

വളരെ പെട്ടെന്ന് തന്നെ വെട്ടയ്ക്കുള്ള ഗുണങ്ങള്‍ ഇവ പഠിച്ചെടുക്കും..

ഓസ്ട്രിയന്‍ ബ്രാന്‍ഡില്‍ ബ്രേക്ക്,ഒഷ്ട്രിശര്‍ ഗ്ലാട്ടരിജര്‍ ബ്രേക്ക്,ഓസ്ട്രിയന്‍ സ്മൂത്ത് ഹെയര്‍ട് ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്..

28.ആസ്ട്രേലിയന്‍ ടെറിയര്‍(Australian Terrier)


ഇംഗ്ലീഷ് ടെറിയര്‍ അല്ലാത്ത ചുരുക്കം ചില ടെറിയര്‍ ആണിവ..
ടെറിയര്‍ ഇനത്തിലെ ഏറ്റവും ചെറിയവന്‍..ഇവനെ സ്നേഹത്തോടെ " ഓസി " എന്നും വിളിക്കാറുണ്ട്..കറുത്ത മൂക്കും കൂര്‍ത്ത ചെവിയും ഇവയുടെ പ്രത്യേകതയാണ്..
ഏത് കാലാവസ്ഥയോടും ഏത് സാഹചര്യത്തോടും പൊരുത്തപെടുന്ന ഇവ വൃദ്ധരോടും,വികലാംഗരോടും,കുട്ടികളോടും നന്നായി ഇണങ്ങി അവരോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രതേക കഴിവുണ്ട്.നന്നായി കുരയ്ക്കുന്ന അവ അപരിചിതരെ കണ്ടാല്‍ നിര്‍ത്താതെ കുരയ്ക്കും.അക്കാരണത്താല്‍ ഇവ നല്ല കാവല്‍ നായയാണ്‌..ധൈര്യശാലി ആണെങ്കിലും രക്ഷയ്ക്ക് ഇവയെ ഉപയോക്കിക്കാന്‍ ആവില്ല..
പതിനൊന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ആറ് കിലോ വരെ തൂക്കമേ വയ്ക്കൂ.
നല്ല അനുസരണയും ബുദ്ധിയും ഉള്ള ഇനം ആണിവ..പതിനഞ്ച് വയസ്സുവരെ ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവും..
"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

Friday, November 21, 2008

27.ആസ്ട്രേലിയന്‍ ഷെപ്പേട് (Australian Shepherd )



ആസ്ട്രേലിയയിലെ ഏറ്റവും സുന്ദരന്‍ നായ ഏത് എന്നുള്ള ചോദ്യത്തിന് മറുപടിയാണിവന്‍. നീണ്ട രോമങ്ങളും നിറവിന്യാസവും ഇവനെ സുന്ദരന്‍ ആക്കുന്നു..ചിലപ്പോള്‍ ഇവയുടെ ഒരു കണ്ണ് നീലയോ നീലകലര്‍ന്ന ചാരനിറത്തോട് കൂടിയവയോ ആയിരിക്കും..പക്ഷെ അത് ഇവയുടെ മികച്ച കാഴ്ചശക്തിയെ ബാധിക്കാറില്ല..


കുട്ടികളുടെ കൂടെ കളിക്കാനും വീട്ടുകാരുടെ ഓമനയായി ജീവിക്കാനും കഴിയുന്ന ഇവ പക്ഷെ അപരിചിതരോട് മോശമായി പെരുമാറിഎന്നിരിക്കും..പക്ഷെ അവര്‍ തനിക്കോ താന്‍ നില്ക്കുന്ന വീടിണോ വീടിണോ ഭീഷണി ആണ് എന്ന് തോന്നിയാല്‍ മാത്രമെ അവരെ ഉപദ്രവിക്കൂ.ഉടമയുടെ കൂടെ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്ന ഇവ കളികളില്‍ പങ്കെടുക്കാനും ഉടമയുടെ കൂടെ ചുറ്റിതിരിയാനും ഇഷ്ടം കാണിക്കും.


അപാരബുദ്ധിശാലിയും കാര്യങ്ങള്‍ വേഗം പഠിക്കുന്നവനും ആയ ഇവയെ ഗൈഡ് ഡോഗായും മയക്കുമരുന്നുകള്‍ മണം പിടിച്ചു കണ്ടെത്തുന്ന സ്നിഫര്‍ ഡോഗായും ഉപയോഗിക്കുന്നു..ഇനി അതല്ല കാലികളെയോ ആട്ടിന്‍പറ്റത്തെയോ നോക്കണോ ആണെങ്കില്‍ അതിലും നൈപുണ്യം ഉള്ളവയാണ് ഇവന്‍.


ഇരുപത്തിമൂന്ന് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ മുപ്പത്തിഅഞ്ചു കിലോ വരെ തൂക്കവും വയ്ക്കും..


കാവലിനായി ഉപയോഗിക്കാന്‍ കൊള്ളാവുന്ന ഇവ ശരാശരി രക്ഷയ്കായി ഉപയോഗപ്പെടുത്താവുന്നവയാണ്.പക്ഷെ വീട്ടില്‍ ഉള്ള ചെറു മൃഗങ്ങളെ ചിലപ്പോള്‍ ഇവ ആക്രമിക്കും..


ഗ്രാമത്തിനു പറ്റിയ ഇനം ആയ ഇവയെ പട്ടണത്തില്‍ വളര്‍ത്താന്‍ കഴിയില്ല.


പതിനാലു മുതല്‍ പതിനാറു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്..അഞ്ചു മുതല്‍ എട്ടു വരെയാണ് ഒരു പ്രസവത്തിലെ കുഞ്ഞുങ്ങള്‍..

നാമം സൂചിപ്പിക്കുന്നത് പോലെ ആസ്ട്രേലിയക്കാരന്‍ അല്ല ഇവ.ഇവ അമേരിക്കന്‍ വംശജനാണ്..


"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

26.ആസ്ട്രേലിയന്‍ കെല്‍പി (Australian Kelpie )


വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ളവയാണ്‌ ഇതു..മിന്നല്‍ വേഗത്തില്‍ ഓടിതുടങ്ങാന്‍ കഴിവുള്ള ഇവ പിടിച്ചു നിര്‍ത്തിയത് പോലെ നില്‍ക്കാനും ശേഷിയുള്ളവയാണ്..
ശരാശരി വലിപ്പം മാത്രം ഉള്ള ആസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും ആളുകള്‍ വളര്‍ത്തുന്നതുമായ ഹെര്‍ഡിംഗ് നായ ആണ്..ആട്,മാന്‍,മുയല്‍,താറാവ് തുടങ്ങി എന്തിനേയും ഭംഗിയായി നോക്കുന്ന ഇവ എപ്പോഴും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇനം ആണ്.
ഇരുപതു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു ഇരുപത്തി ഒന്നു കിലോവരെ ഭാരവും വയ്ക്കും.
വീട്ടില്‍ വളര്‍ത്താനും പറ്റിയ ഇനം ആണ്..പട്ടണത്തിനു അനുയോജ്യന്‍ അല്ലാത്ത ഇവ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവ ആണ്.കുട്ടികളോടും മറ്റു പട്ടികളോടും ഇണങ്ങി നില്ക്കുന്ന ഇവ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കും..
കാവലിനോ രക്ഷയ്ക്കോ പറ്റിയ ഇനം ആണ്..വളരെ ബുദ്ധിമാനായ ഇവയുടെ ആയുസ്സ് പത്തു മുതല്‍ പതിനാലു വയസ്സ് വരെയാണ്..ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ഏഴ് കുട്ടികള്‍ വരെ കാണാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

25.ഓസ്ട്രേലിയന്‍ കാറ്റില്‍ ഡോഗ്(Australian Cattle Dog )

കഠിനാധ്വാനിയായ ഇവ വളരെയധികം ദൂരം യാത്ര ചെയ്യുന്ന ഇനം ആണ്..ആടിനെ മേയ്ക്കാന്‍ ഏറ്റവും പറ്റിയ ഇനങ്ങളില്‍ ഒന്നായ ഇവയെ കുതിരകളെയും താറാവുകളെയും മേയ്ക്കാനും ഉപയോഗപ്പെടുത്താം.ഒരാളെ മാത്രം ഉടമയായി അംഗീകരിക്കുന്ന ഇവ മറ്റുള്ളവരെയും അപരിചിതരേയും അടുപ്പിക്കില്ല.

മൂശട്ടക്കാരനായ ഇവന്‍ കുട്ടികളെയും പരിച്ചയമുള്ളവരെയും നന്നായി നോക്കുമെങ്കിലും അവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കും..കാരണം ആ സ്വഭാവം ഇവന്‍റെ രക്തത്തില്‍ ഉള്ളതാണ്..ബദാമിന്‍റെ ആകൃതിയില്‍ കണ്ണുള്ള ഇവയുടെ കൂര്‍ത്തചെവിയും ബ്രഷ്പോലെയുള്ള വാലും കട്ടിയുള്ള രോമവും ശ്രദ്ധാകേന്ദ്രം തന്നെ..

ശരാശരി വലിപ്പമുള്ള ഇവയുടെ ശരീരം വളരെ ഉറച്ചതാണ്.ജനിക്കുമ്പോള്‍ വെളുത്ത നിറം മാത്രമുള്ള ഇവയുടെ ശരീരത്ത് പിന്നീട് പുള്ളിയും മറ്റും വരും,..

ക്വീന്‍സ് ലാന്‍ഡ്‌ ഹീലര്‍,ഹാള്‍സ് ഹീലര്‍,റെഡ് ഹീലര്‍,ബ്ലു ഹീലര്‍,ഓക്കടോ,ഹീലര്‍,ഒസ്സി എന്നും ഇവയ്ക്കു പേരുണ്ട്..

ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തിഒന്നു കിലോവരെ തൂക്കവും വയ്ക്കും.

കാവലിനായോ രക്ഷയ്ക്കായോ വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഇനം ആയ ഇവ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ വര്‍ഷം ജീവിക്കുന്നവയാണ്.ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Wednesday, November 19, 2008

24.ഓസീ ഡൂഡില്‍ (Aussiedoodle)

ഇതൊരു സങ്കര ഇനം ആണ്..പൂഡിലിന്‍റെയും മിനിയേച്ചര്‍ ആസ്ട്രേലിയന്‍ ഷെപ്പെട് എന്നിവയുടെ സങ്കരം..

പൂഡിലിന്‍റെ എല്ലാ ഗുണങ്ങളും (രോമങ്ങള്‍ പോഴിയാതിരിക്കുക,പരിശീലനം ഏറ്റവും എളുപ്പം,മികച്ച അനുസരണ,സാധാരണയില്‍ കവിഞ്ഞ ബുദ്ധി..)എന്നാല്‍ ആസ്ട്രേലിയന്‍ ഷെപ്പെട് ആടുകളെ മേയ്ക്കുന്ന ഇവവും..

ഈ രണ്ടു ഗുണങ്ങളും ഒത്ത ഇനം ആണ് ഓസ്സി ഡൂഡില്‍.

ഇവയുടെ രോമം ഇടയ്ക്കിടെ ചീകണം.

23.എരീജിയോസ് (Ariegeois)



ഫ്രാന്‍സിനു വെളിയില്‍ കാണപ്പെടാത്ത ഈ ഇനം മുയലുകളെയും കുറുക്കനെയും വേട്ടയാടാന്‍ വേണ്ടിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുന്നത്.നീണ്ട വണ്ണം കുറഞ്ഞ മുഖവും ശാന്തമായ ഭാവവും ഉള്ള ഇവയുടെ ചെവി വളരെ നീളമുള്ളതും കീഴോട്ടു തൂങ്ങി കിടക്കുന്നതുമാണ്.
രണ്ടടി വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തിമൂന്നുകിലോവരെ തൂക്കവും വയ്ക്കും..

കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവ മറ്റുനായകളോടും അപരിചിതരോടും നന്നായി പെരുമാറും..

കഠിനാധ്വാനിയായ ഇവയുടെ ഉടമ ഇവന് വളരെയധികം വ്യായാമം കൊടുക്കുവാന്‍ സമയമുള്ളയാള്‍ ആവണം..

Sunday, November 16, 2008

22.അര്‍ജന്റിന്‍ ഡോഗോ(Argentine Dogo)

പോരാട്ട ഗോത്രക്കാരന്‍ ഡോഗോ
സാധാരണ ഡോഗോ
***HIGHLY DANGEROUS BREED**** (No.3)
***ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം***(No.3)


കരുത്തിന്‍റെ പ്രതീകമായ ഇവ കാട്ടു പന്നിയെ ഓടിച്ചു പിടിച്ചു പിന്നീട് ഉടമയ്ക്ക് അവയെ വെടിവെയ്ക്കാന്‍ അവസരം കൊടുക്കുകയുമാണ് പതിവ്.പക്ഷെ മിക്കപ്പോഴും അവയെ ഡോഗോ കൊള്ളുകയാണ് ശീലം.

ഇരുനൂറു കിലോവരെ വരുന്ന പന്നികളെ വളരെ ലാഘവത്തോടെ ഡോഗോ ആക്രമിച്ചു കീഴ്പെടുത്തും.വെളുത്ത മിനുത്ത രോമമുള്ള വലിയ ഡോഗോയെ കാണുമ്പോള്‍ തന്നെ അവയുടെ അവിശ്വനീയമായ കരുത്തു പ്രകടമാകും.

പൊതുവെ ചെറിയ മടങ്ങിയ ചെവി ഉടമകള്‍ മുറിച്ചു വീണ്ടും ചെറുതാക്കി വീണ്ടും ഇവയെ സുന്ദരന്‍ ആക്കും.ചതുരപ്പെട്ടി പോലെ തലയുള്ള ഡോഗോ ഉടമയുടെ കാല്‍ച്ചുവട്ടില്‍ കിടക്കാന്‍ ഇഷ്ടപ്പെടുന്ന ഇനം ആണെങ്കിലും അപരിചിതരോട് ഏറ്റവും മോശമായി പെരുമാരാണോ ചിലപ്പോള്‍ അവരെ കൊല്ലാന്‍ തന്നെ പേരെടുത്തവയാണ്.

കുട്ടികളോട് വളരെ നന്നായി ഇടപെടുന്ന ഇവ അപരിചിതരെ എപ്പോഴും സംശയത്തോടെ നോക്കൂ.എപ്പോഴും അവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന ഇവ പെട്ടെന്ന് അവരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കും..ചെറുദൂരം വെടിയുണ്ട കണക്കെ ഓടുന്ന ഇവ ദീര്‍ഘദൂരവും കുതിച്ചെത്താന്‍ ശേഷിയുള്ളവയാണ്.

അര്‍ജന്റിന്‍ മാസ്ടിഫ് എന്നും ഇവയ്ക്കു പേരുണ്ട്..

വളരെ നന്നായി കാര്യങ്ങള്‍ പഠിക്കുന്ന ഇനം ആണെങ്കിലും നായ പോരാട്ടത്തിന് മാത്രം ഉള്ള ഗോത്രത്തിലെ ഡോഗോ ഒരിക്കലും എത്ര പരിശീലനം കൊടുത്താലും വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനം ആകില്ല.

വളരെയധികം രാജ്യങ്ങളില്‍ പൂര്‍ണ നിരോധനമോ ഭാഗിക നിയന്ത്രണമോ ഇവയ്ക്കുണ്ട്..ആസ്ട്രെലിയില്‍ ഇവയെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.1991 Dangerous Dog Act (UK) പ്രകാരം ഡോഗോയ്ക്ക് മൂന്നാം സ്ഥാനം ആണുള്ളത്..(ആകെ നാല് നായകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു )

ഉയരത്തെക്കാള്‍ കൂടുതല്‍ നീളം വയ്ക്കുന്ന ഡോഗോയ്ക്ക് ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരവും അന്‍പത്തിഒന്‍പതു കിലോവരെ ഭാരവും വയ്ക്കും.(പോരാട്ട ഗോത്രത്തില്‍ ഉള്ളവ നാല്‍പതു കിലോവരെയേ തൂക്കംവയ്ക്കൂ )

കാവലിനു അതീവ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കായ ഒരു യന്ത്രം കണക്കെയാണ്..രക്ഷയ്ക്ക് നല്ല ബോഡിഗാര്‍ഡിന്‍റെ സ്ഥാനം എപ്പോഴും അലങ്കരിക്കും..

പുറത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയ്ക്കു വളരെയധികം വ്യായാമം ആവശ്യമാണ്‌.സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത ഉള്ള ഇനം ആയതിനാല്‍ തണല്‍ ഉള്ള സ്ഥലം ആവശ്യമാണ്‌.

പത്തു ശതമാനം ഡോഗോയും ജന്മനാ ബധിരനായി പിറക്കുന്നതിനാല്‍ മനുഷ്യന് ഭീഷണിയുള്ള ഒന്നായി പരിണമിക്കുകയാണ് പതിവ്..

പതിനൊന്നു മുതല്‍ പന്ത്രണ്ടു വരെ വര്‍ഷം ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടാകാറുണ്ട്..

"വര്‍കിംഗ് ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

21.അപ്പെന്‍സെല്ലെര്‍ മൌണ്ടന്‍ഡോഗ്(Appenzeller )


സ്വിസ് വംശക്കാരനാണ് ഇവന്‍.
മൂന്നു നിറത്തോട് കൂടിയ മിനുത്ത രോമമുള്ള ഇവ നന്നായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇനമാണ്.വണ്ടി വലിക്കുക തുടങ്ങി കുതിരകള്‍ ചെയ്യുന്ന ജോലികള്‍ സന്തോഷത്തോടെ ചെയ്യാന്‍ മിടുക്കുള്ള ഇനം.
ഗ്രാമ പ്രദേശത്തിന് മാത്രം ഇണങ്ങുന്ന ഇവ പൊതുവെ ആരെയും ആക്രമിക്കാത്ത പ്രകൃതം ആണ്.കെട്ടിയിടുന്നത് ഇഷ്ടമല്ലാത്ത ഇവ പക്ഷെ കറങ്ങി നടക്കാറും ഇല്ല.ഉടമ സങ്കടത്തില്‍ പെട്ടാല്‍ എങ്ങേനെയും രക്ഷിക്കാന്‍ സന്നദ്ധനായ ഇവ കുട്ടികളോടും വളരെ നന്നായി ഇടപെടും.
ഇരുപത്തിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ ഇരുപത്തിമൂന്നു കിലോവരെ തൂക്കവും വയ്ക്കും..വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിയ്കാന്‍ ഇവയ്ക്കാവും.
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സുവരെ ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ എട്ടു കുട്ടികള്‍ ഉണ്ടാകാറുണ്ട്.
"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Saturday, November 15, 2008

20.ആങ്ക്ലോ ഫ്രാന്‍സൈസ്(Anglo Francais)

ആങ്ക്ലോ ഫ്രാന്‍സൈസ് അല്ലെങ്കില്‍ ഫ്രാന്‍സൈസ് ഹൗണ്ട്ഇതു ഒരിനം ബ്രീഡ് അല്ല..ഏഴ് ഇനങ്ങളെ ഒന്നിച്ചു ഈ ഗ്രൂപ്പില്‍ പെടുത്തിയിരിക്കുകയാണ്.. .

ഗ്രാന്‍ഡ്‌ ആങ്ക്ലോ ഫ്രാന്‍സൈസ് ട്രൈകളര്‍, ഗ്രാന്‍ഡ്‌ ആങ്ക്ലോ ഫ്രാന്‍സൈസ് ബ്ലാങ്ക് എട് നോയര്‍, ഗ്രാന്‍ഡ്‌ ആങ്ക്ലോ ഫ്രാന്‍സൈസ് ബ്ലാങ്ക് എട് ഓറഞ്ച്.,ഗ്രാന്‍ഡ്‌ ആങ്ക്ലോ ഫ്രാന്‍സൈസ് ബ്ലാങ്ക് ടെ പെടിറ്റ് വെനിര്‍,ഫ്രാന്‍സൈസ് ട്രൈകളര്‍,ഫ്രാന്‍സൈസ് ബ്ലാങ്ക് എട് നോയര്‍,ഫ്രാന്‍സൈസ് ബ്ലാങ്ക് എട് ഓറഞ്ച്, എന്നിവയാണ് ആ എഴിനം..

ഈ ഫ്രഞ്ച് ഹൌണ്ടുകള്‍ ഇംഗ്ലീഷ് ഫോക്സ്ഹൌണ്ടിന്‍റെയും ഫ്രഞ്ച് ഹൌണ്ട്കളുടെയും സങ്കര ഇനം ആണ്.

വളരെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഇവയെ ചിലയിനം മൃഗങ്ങളുടെ മണം പിടിച്ചു കണ്ടെത്താനും തുടര്‍ന്ന് വേട്ടയാടാന്‍ സഹായിക്കാനും ആണ് വളര്‍ത്തുന്നത്..അധോമുകനായ ഇവയെ പരിശീലനം കൊടുത്താല്‍ വീട്ടിലും വളര്‍ത്താം.

ഇരുപത്തി രണ്ടു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപതു കിലോ വരെ ഭാരവും വയ്ക്കും..(ഗ്രാന്‍ഡ്‌ ആങ്ക്ലോ ഫ്രാന്‍സൈസ് ഇരുപത്തിഏഴ് ഇഞ്ച് വരെ ഉയരവും മുപ്പത്തിമൂന്നു കിലോ വരെ ഭാരവും വയ്ക്കും..)

അനുസരണ ഉള്ള ഇനം ആണെങ്കിലും കാവലിനോ രക്ഷയ്ക്കോ ഉപയോഗപ്പെടുത്താന്‍ കൊള്ളില്ല.പൊതുവെ വീടിനു പുറത്തു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവയെ പരിശീലനം കൊടുത്താല്‍ വീട്ടിനുള്ളിലും വളര്‍ത്താം ..

19.അനാടോളിയന്‍ ഷെപ്പേര്‍ഡ് (Anatolian Shepherd)

ഇവയെ മലയാളത്തില്‍ അനത്തോലിയന്‍ എന്ന് വിളിക്കാം എങ്കിലും അനാടോളിയന്‍ എന്നാണ് ഇവയുടെ പേര്.

വലിയ ശക്തിശാലിയായ ഇവ പൊതുവെ ശാന്താനാണ്.ഒരിക്കലും പ്രശ്നക്കാരനല്ലാത്ത ഇവ വിശ്വസ്തന്‍ ആണ്.വീതിയുള്ള മുഖവും കറുത്ത മൂക്കിനോട് ചേര്‍ന്നയിടവും നല്ല മനോഹരമായ തിളങ്ങുന്ന ഇവ കാണുവാന്‍ സുന്ദരന്‍ ആണ്.

ഗ്രേറ്റ് പൈരനിസ്സിനോട് സാദൃശ്യമുള്ള ഈ തുര്‍ക്കിക്കാരനെ പണ്ടു ചെന്നയ്ക്കളോട് വേട്ടയാടാന്‍ ഉപയോഗിച്ച്തിരുന്നുവെങ്കില്‍ ഇന്നു വേട്ടയ്ക്കും,ആട്ടിന്‍ പറ്റങ്ങളെ നോക്കാനും മാത്രമല്ല പട്ടാളത്തിലും ഉപയോഗിച്ചു വരുന്നു..ബദാമിന്‍റെ ആകൃതിയില്‍ ഉള്ള ഇവയുടെ കണ്ണുകള്‍ വളരെ ആകര്‍ഷകം ആണ്.ശരാശരി വലിപ്പം ഉള്ള ഇവയുടെ ചെവി മടങ്ങിയതാണ്.

കാവലിനും രക്ഷയ്ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഇവ ഉടമ പ്രയാസത്തില്‍ അകപ്പെട്ടാല്‍ തന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിക്കാന്‍ മിടുക്കനാണ്.

അപരിചിതരോട് വളരെ മോശമായി പെരുമാറുന്ന ഇവയുടെ സൌന്ദര്യം കണ്ടു അടുത്ത് കൂടുന്നവരോട് പറയാന്‍ ഉള്ളത് .."വലുപ്പമുള്ള മാന്യന്‍ അല്ല ഇവന്‍..ശക്തിശാലിയായ അപകടകാരിയാണ്."

ചോപന്‍ കൊപേഗി എന്നും കരാബാഷ് ഡോഗ് എന്നും,കരാബാസ് എന്നും പേരുള്ള ഇവയെ കന്ഗാല്‍ എന്നും പേരുണ്ട്.

മുപ്പത്തിരണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കാവുന്ന ഇവയ്ക്കു അറുപത്തിനാല് കിലോവരെ ഭാരം വയ്ക്കാറുണ്ട്..

കാവലിനായി നന്നായി ഉപയോഗിക്കാവുന്ന ഇവ രക്ഷയ്ക്കായി വളരെ മിടുക്കന്‍ ആണ്.പക്ഷെ സ്വന്തം ഇടത്തിലേക്ക് ആരെയും വരാന്‍ സമ്മതിക്കാത്ത ഇവയുടെ ഉടമ ഒരു മുന്നറിയിപ്പ് വീടിനു മുമ്പില്‍ വയ്ക്കുന്നത് നന്നായിരിക്കും.

ആരോഗ്യവാനായ ഈ ഇനത്തിനു നല്ല വ്യായാമം ആവശ്യമാണ്‌..വലിയ നായകള്‍ക്ക് പൊതുവെ ആയുസ്സ് കുറവാണെങ്കിലും ഇവ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജീവിക്കാറുണ്ട്..അഞ്ചു മുതല്‍ പത്തു വരെ കുട്ടികള്‍ ഇവയുടെ ഒരു പ്രസവത്തില്‍ ഉണ്ടാകുറുണ്ട്..

"വര്‍ക്കിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

Friday, November 14, 2008

18.അമേരിക്കന്‍ വാട്ടര്‍ സ്പാനിയേല്‍(American Water Spaniel)

അമേരിക്കന്‍ സ്റ്റേറ്റായ വിസ്കോണ്‍സന്‍റെ ദേശീയ നായ

ഇവയെ വേട്ടയ്ക്കാണ് ഉപയോഗിക്കുന്നത്. കൊന്ന മൃഗത്തെയോ പക്ഷിയെയോ ബോട്ടില്‍ നിന്നും എടുത്തു കൊണ്ടുവരാന്‍ ഇവ മിടുക്കരാണ്..എണ്ണമയം ഉള്ള ഇവയുടെ രോമം നനയുകയില്ല..ചുരുണ്ട രോമമുള്ള ഇവയുടെ കഴുത്തും തലയും മുതുകും വളരെ ഉറപ്പുള്ളതും വേട്ടയ്ക്ക് അനുയോജ്യവും ആണ്.ഇവയുടെ ഘ്രാണശക്തി പേരു കേട്ടതാണ്..

വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനം ആണെങ്കിലും നായാട്ടിനെ മുന്നില്‍ കണ്ടു കൊണ്ടാണ് മിക്കവാറും തന്നെ ഇവയെ വളര്‍ത്താറുള്ളത്..ഒന്നര അടി മാത്രം ഉയരം വയ്ക്കാറുള്ള ഇവ ഇരുപ്പത്തിഒന്നു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..

കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ സ്വന്തം ഭക്ഷണത്തോട് കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്..ഇവയുടെ പാത്രത്തിനു അടുത്ത്‌ ചെന്നാല്‍ വളരെ ദേഷ്യം കാട്ടുക പതിവാണ്..എപ്പോഴും തിരക്കോട് ജോലി ചെയ്യാന്‍ താത്പര്യം ഉള്ള ഇവ സദാസമയവും വെള്ളത്തില്‍ കളിക്കാനും വെള്ളത്തിലൂടെ പോകുന്ന പക്ഷികളെയും മീനിനെയും പിടിക്കാന്‍ ഇഷ്ടപ്പെടുന്നു..

രക്ഷയ്ക്ക് ശരാശരിയില്‍ താഴെയോ മോശമായോ ഇവ പക്ഷെ കാവലിനായി ഉപയോഗപ്പെടുന്ന ഇനമാണ്.

അല്പം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ഇനമായ ഇവ എപ്പോഴും വെള്ളത്തില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു..അതോടൊപ്പം ഇവയുടെ രോമം ജട പിടിക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ചീകുന്നത് നല്ലതായിരിക്കും..

പത്തു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.

"സ്പോര്‍ട്ടിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

17.അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷെയര്‍ ടെറിയര്‍(American Staffordshire Terrier)

കാഴ്ചയില്‍ അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയറോട് ഏറെ സാമ്യം ഉള്ള ഇവ പക്ഷെ അവയെക്കാള്‍ അല്പം കൂടി മര്യാദ കാട്ടുന്നവരാണ്..ചെറിയ ശരീരവും ഉറച്ച മാംസപേശികളും വീതിയുള്ള തലയോടും ഇവയുടെ പ്രത്യേകതയാണ്..വിശ്വസിക്കാന്‍ കൊള്ളാവുന്നതും ആത്മസംയമനശീലനുമായ ഇവയുടെ താടിയെല്ല് വളരെ ഉറച്ചതാണ്.അതുകൊണ്ട് തന്നെ ഇവ രക്ഷയ്ക്കായി വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഇനങ്ങളില്‍ ഒന്നാണ്.

പൊതുവെ ശാന്തനെന്നു തോന്നുന്ന ഇവ ആവശ്യം വരുന്നഘട്ടം സ്വന്തം ജീവന്‍ കൊടുത്തും ഉടമയെ രക്ഷിക്കും.പൊതുവെ അധികം കുരയ്ക്കാത്ത പലപ്പോഴും കാവല്‍നായ എന്ന നിലയില്‍ അത്ര ശോഭിക്കില്ല..എന്നാല്‍ ആരെങ്കിലും തന്‍റെ ചുറ്റുവട്ടത്തുള്ള എന്തെങ്കിലും എടുക്കാന്‍ ശ്രമിച്ചാല്‍ കുരയ്ക്കാതെ തന്നെ വന്നു അവരെ ആക്രമിക്കുകയും ചെയ്യും.

ശക്തിശാലിയായ ഇവയെ ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുത്തില്ലെങ്കില്‍ ഒരു അപകടകാരിയായി മാറാന്‍ വളരെ സാധ്യതയുണ്ട്.

ആം സ്റ്റാഫ് ടെറിയര്‍ എന്നും പേരുള്ള ഇവ പത്തൊമ്പത് ഇഞ്ച് വരെ ഉയരവും മുപ്പത്തി ആറ്കിലോ വരെ തൂക്കവും വയ്ക്കും.

പരിശീലനം കൊടുത്താല്‍ കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ പക്ഷെ വീട്ടില്‍ ഉള്ള മറ്റു മൃഗങ്ങളോടും നായകളോടും മോശമായി പെരുമാറും എന്ന് മാത്രമല്ല കൊന്നെന്നും വരും.സമാനലിംഗത്തില്‍ പെട്ട നായകളോട് എത്ര പരിശീലനം കൊടുത്താലും നന്നായി ഇവ പെരുമാറില്ല..

ഏറെ വ്യായാമം ആവശ്യമുള്ള ഇവ ഫ്ലാറ്റുകള്‍ക്ക് പറ്റിയ ഇനമല്ല.ചുറ്റുവേലി ഉള്ള വീടുകളാണ് ഏറ്റവും നല്ലത്,.പരിചയ സമ്പന്നനായ ഉടമയാവും ഇതിന് ഏറ്റവും യോജിച്ചത്.

പൊതുവെ ആരോഗ്യപ്രശ്നങ്ങള്‍ ഏറെ ഉള്ള ഇനമാണ് ഇവ.

പത്തു മുതല്‍ പന്ത്രണ്ടു വരെയാണ് പൊതുവെ ഇതിന്‍റെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു വരെ കുട്ടികളും ഉണ്ടാകാറുണ്ട്.

"ടെറിയര്‍" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Thursday, November 13, 2008

16.അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍(American Pit Bull Terrier)


***HIGHLY DANGEROUS BREED**** (No.1)
***ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം***(No.1)
(കാനഡയില്‍ മൂന്നു സ്റ്റേറ്റില്‍ നിരോധനം ഉള്ള ഇവയെ അമേരിക്കയില്‍ പകുതിയോളം സ്റ്റേറ്റുകളില്‍ നിരോധിച്ചിട്ടുണ്ട്.അയര്‍ലണ്ടിലും,ഓസ്ട്രേലിയയിലും (മൂന്നു സ്റ്റേറ്റുകളില്‍) ഐസ്ലാന്‍ഡ്‌,നോര്‍വേ,സിംഗപ്പൂര്‍,ഫ്രാന്‍സ്,ബ്രിട്ടന്‍,ഡെന്മാര്‍ക്ക്‌,ന്യ‌ൂസീലണ്ട്, ഹോളണ്ട് ,സെര്‍ബിയ ,ഇറ്റലി എന്നിവടങ്ങളില്‍ നിരോധനം ഉള്ള ഇവയെ മറ്റു പല രാജ്യങ്ങളിലും നിരോധനമോ നിയന്ത്രണമോ ഉണ്ട്.പലയിടത്തും ഉടമയ്ക്ക് ജയില്‍ ശിക്ഷയോ വന്‍ തുക പിഴയോ ഒടുക്കേണ്ടി വരും.തന്നെയുമല്ല അമേരിക്കയില്‍ തന്നെ (നിരോധനം ഇല്ലാത്ത സ്റ്റേറ്റുകളില്‍) ഇവയെ വായ് മൂടി മാത്രമെ പൊതു സ്ഥലത്തു കൊണ്ടു പോകാന്‍ പറ്റൂ.)ഇന്ത്യയില്‍ ഇവയെ കൊണ്ടു വരാന്‍ കടുത്ത നിയന്ത്രണം ഉണ്ട്..ചില പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടുവരാം എന്ന് മാത്രം).അമേരിക്കയില്‍ നായ കടി മൂലം മരണം സംഭവിച്ച കേസുകളില്‍ ഏറ്റവും കൂടുതല്‍ ഇവന്‍റെ കടി ഏറ്റിട്ടായിരുന്നു.)

ഉയരം കുറഞ്ഞ ഈ അഹങ്കാരി വളരെ ഉറച്ച ശരീരത്തോട് കൂടിയവനും ചതുരാകൃതിയുള്ള മുഖത്തോട് കൂടിയാവും ആണ്.തലയുടെ വീതി മുഖത്തിന്‍റെ നീളത്തെക്കാള്‍ കൂടുതല്‍ ആണ്.വലിയ മൂക്കുള്ള ഇവയുടെ കീഴ്താടി വളരെ ശക്തിയുള്ളതാണ്.
വീതിയേറിയ നെഞ്ചുള്ള ഇവന്‍ അതീവ കരുത്തും ധൈര്യവും ചുറുചുറുക്കും ഉള്ളവന്‍ ആണ്..ഏറ്റവും മികച്ച ഒരു പോരാളിയ്ക്ക് വേണ്ട എല്ലാ ഗുണവും ഉള്ള ഇവയെ അമേരിക്കന്‍ അധോലോകം നായകളുടെ പോരാട്ടം നടത്താന്‍ ഉപയോഗിക്കുന്നു. എപ്പോഴും എത്രവലിയ നായകളെയും കടിച്ചുകൊല്ലുന്ന ഇവയുടെ കടിവിടുക അസംഭവ്യം ആണ്. ഒരിക്കല്‍ കടിച്ചാല്‍ ഇര മരിക്കുന്ന വരെയോ കടിച്ച ഭാഗം മുറിച്ചുകൊണ്ടോ മാത്രമെ ഇവ മാറുകയുള്ളൂ..

അമേരിക്കന്‍ പിറ്റ്ബുള്‍ എന്നും പിറ്റ്ബുള്‍ ടെറിയര്‍ എന്നും പേരുള്ള ഇവ ഉടമയുടെ വിശ്വസ്തന്‍ ആണ്.ജീവന്‍ പോയാലും ഉടമയെയും തന്‍റെ ചുറ്റുപാടുകളെയും കാക്കുന്ന ഇവ പക്ഷെ മറ്റുള്ളവരുടെ ജീവന്‍ എടുക്കുകയാവും പതിവ്..
നല്ല കഴിവും കായിക ശേഷിയും ഉള്ള ഇവയെ വളരെ ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുക്കേണ്ടത് അത്യാവശ്യമാണ്..ഒരിക്കല്‍ ഇവയുടെ സ്വഭാവം രൂപപ്പെട്ടാല്‍ പിന്നെ മാറ്റുക നടപ്പുള്ള കാര്യമല്ല..

ഇരുപത്തി രണ്ടു ഇഞ്ചില്‍ താഴെ മാത്രം ഉയരം വയ്ക്കുന്ന ഇവ മുപ്പത്തി‌ഏഴുവരെ കിലോ തൂക്കം വയ്ക്കും..

മറ്റു നായകളോട് നന്നായി പെരുമാറാത്ത ഇവ പക്ഷെ കാവലിനും രക്ഷയ്ക്കും പറ്റിയ ഏറ്റവും മികച്ച ഇനം ആണ്.എത്ര വലിയ ജന്തു വന്നാലും അവയെ മരണം വരെ നേരിടുന്ന ഇവ കാളകളെ വരെകൊന്ന ചരിത്രമുണ്ട്.. കാട്ടു പന്നികളെ ആക്രമിച്ചു കൊല്ലുന്ന ഇവയെ ഇപ്പോള്‍ ആഫ്രിക്കയില്‍ വന്‍തോതില്‍ വളര്‍ത്താറുണ്ട്..
വന്‍തോതില്‍ വ്യായാമം ഇഷ്ട്ടപ്പെടുന്നതും ആവശ്യമായതും ആയ ഇവ സൈക്കിളിനോടൊപ്പം ഓടാന്‍ വളരെ താത്പര്യം കാട്ടാറുണ്ട്‌..ഒരു മതില്‍ക്കെട്ടിനുള്ളില്‍ വളര്‍ത്തേണ്ട ഇവയെ ഫ്ലാറ്റ് ജീവിതത്തില്‍ ഒട്ടുംതന്നെ പൊരുത്തപ്പെടുത്തുവാന്‍ കഴിയില്ല..

ആദ്യമായി നായെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാക്കുകയാവും ബുദ്ധി..
ഇവയ്ക്കു നല്ല വ്യായാമവും ശ്രദ്ധയും മാത്രമല്ല പരിചയ സമ്പന്നനും കഴിവും അറിവും കരുത്തും ഉള്ള ഉടമയാണ് നല്ലത്.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ ഇവയെ സൂക്ഷിച്ചു കൈകാര്യം ചെയ്യുകയാവും നല്ലത്..
ശരാശരി പന്ത്രണ്ടു വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്.
"മാസ്റ്റിഫ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരികുന്നത്..

15.അമേരിക്കന്‍ ഫോക്സ് ഹൗണ്ട്(American Foxhound )

ഇടത്തരം മുതല്‍ ചിലപ്പോള്‍ നല്ല വലിപ്പം വരെ ഉണ്ടാകാറുള്ള ഒരിനം ആണ് ഇത്..ഇടത്തരം വലിപ്പമുള്ള ഇവയുടെ ചെവി മടങ്ങിയാണ് കിടക്കുക..വലിയ ബ്രൌണ്‍ കണ്ണുകളും കൂര്‍ത്തതല്ലാത്തതുമായ മുഖമാണിവയുടെ.

ഇംഗ്ലീഷ് ഫോക്സ് ഹൌണ്ടില്‍ നിന്നു വ്യെത്യസ്തനായി ഇവയുടെ എല്ലുകള്‍ ബലമേറിയതും നീളം കൂടിയതും ആണ്.തന്നെയുമല്ല ഇവ ഇംഗ്ലീഷ് ഇനത്തെക്കാള്‍ ചുറുചുറുക്കുള്ളവാനും ആണ്. (ഇംഗ്ലീഷ് ഫോക്സ് ഹൗണ്ട് മടിയനാണ് എന്നിതിനു അര്‍ത്ഥം ഇല്ല )വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചവ അല്ലെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുത്താല്‍ ഇവയെ വീട്ടിലും വളര്‍ത്താം..

മണം പിടിക്കാനും ചെറുജന്തുക്കളെ (പ്രത്യേകിച്ചും കുരുനരിയെ) വേട്ടയാടാനും ഉള്ള കഴിവ് കൊണ്ടു ഇവ നായാട്ടിനുപയോങിക്കുകയാവും കൂടുതല്‍ നല്ലത്..ചുമ്മാതെ കറങ്ങിനടക്കാനും പിടിവാശിയും മാറ്റാന്‍ അല്പം ബുദ്ധിമുട്ടായാതിനാല്‍ വീട്ടില്‍ വളര്‍ത്തുന്നവര്‍ അല്പം ശ്രമപ്പെടെണ്ടി വരും..

ഇരുപത്തി അഞ്ചു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ മുപ്പത്തി അഞ്ചു കിലോ വരെ തൂക്കവും വയ്ക്കുക പതിവാണ്..

കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ അസാധാരണമായി എന്ത് കണ്ടാലും നന്നായി കുരയ്ക്കുമെന്നുള്ളത് കൊണ്ടു കാവലിനായി വളര്‍ത്താം എങ്കിലും രക്ഷയ്ക്കായി ഇവയെ ഒട്ടും തന്നെ വളര്‍ത്താന്‍ ആവില്ല..

അനുസരണ പഠിപ്പിക്കാന്‍ വളരെ പ്രയാസം ഉള്ള ഇവയെ വളരെ വേഗം തന്നെ നായാട്ടു ഗുണങ്ങള്‍ പഠിപ്പിക്കാം..

പന്ത്രണ്ടു മുതല്‍ പതിമൂന്നു വരെ വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ ഉണ്ടാകാറുണ്ട്..

"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .

Wednesday, November 12, 2008

14.അമേരിക്കന്‍ എസ്കിമോ (American Eskimo)

കണ്ടാല്‍ പോമറേനിയന്‍ പോലെ ഉണ്ടെങ്കിലും സ്പിട്സ് ഫാമിലിയില്‍ പെട്ട ഇവ വളരെ നല്ലയിനം വളര്‍ത്തു നായകളാണ്.കൂര്‍ത്ത ചെവിയോടും മൂക്കൊടും കൂടിയ ഇവയെ രക്ഷയ്ക്കായും കാവലിനായും വളര്‍ത്തുന്നു..

വീട്ടില്‍ വളര്‍ത്താന്‍ നല്ല ഇനം ആയ ഇവയ്ക്കു നായുടെതായ ഗന്ധം ഇല്ല..എപ്പോഴും നല്ല വൃത്തിയില്‍ കാണപ്പെടുന്ന ഇവയെ സര്‍ക്കസ്സിലും ഉപയോഗിച്ചു വരാറുണ്ട്‌..

ഇസ്കി എന്നും പേരുള്ള ഇവയെ അമേരിക്കന്‍ സ്പിട്സ് എന്നും വിളിക്കാറുണ്ട്..

ചൂടിനേക്കാള്‍ തണുപ്പ് ഇഷ്ടപ്പെടുന്ന ഇവയുടെ നല്ല കുര കാരണം കാവല്‍ നായ ആയിട്ടും വളര്‍ത്താം.ടോയി,മിനിയേച്ചര്‍,സ്റ്റാന്‍ഡേര്‍ഡ്‌ എന്നി മൂന്നു കാറ്റഗിറിയില്‍ ഉള്ള ഇവ യഥാക്രമം പന്ത്രണ്ട്,പതിനഞ്ച്,പത്തൊമ്പത് ഇന്ച്ചു വരെ ഉയരവും അഞ്ചു,ഒന്‍പതു,പതിനാലു കിലോ വരെ തൂക്കവും ഉണ്ടാകാറുണ്ട്..

കുട്ടികളെയും മറ്റു ജീവികളെയും ഇഷ്ടപ്പെടുന്ന ഇവ നല്ല അനുസരണ ശീലവും,ബുദ്ധിയും,ചുറുചുറുക്കും ഉള്ള ചിലപ്പോള്‍ അല്പം കുരുത്തക്കേടും ഉള്ള ഇനം ആണ്..

വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഇവ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ ആയുസ്സും ഉള്ളവയാണ്..ശരാശരി അഞ്ചു കുട്ടികള്‍ ഒരു പ്രസവത്തില്‍ ഉണ്ടാകാറുണ്ട്.

"നോണ്‍ സ്പോര്‍ട്ടിംഗ്" ഇനത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

13.അമേരിക്കന്‍ ഇംഗ്ലീഷ് കൂന്‍ഹൗണ്ട് (American English Coonhound)


ഫ്രഞ്ച് ഐറിഷ് നായകളോട് വിദൂര ബന്ധമുള്ള ഇവ നല്ലൊരു വേട്ട പട്ടിയാണ്..സൌന്ദര്യം അല്പം കുറവാണെങ്കിലും ഉടമയോടും കുട്ടികളോടും നല്ല സ്നേഹമുള്ള ഇനമാണ്..ഇരകളെ പുറകെ ഓടിച്ചിട്ട്‌ പിടിക്കാനും എത്രവലിയ ജന്തുവായാലും വിടാതെ പിന്തുടരാനുമുള്ള ഇവയുടെ ധൈര്യം പ്രശംസനീയം തന്നെയാണ്..വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിക്കുവാന്‍ ഇവ സമര്‍ത്ഥനാണ്..

പക്ഷെ ഇവയുടെ വലിയ ഒച്ചത്തിലുള്ള കുര അസഹനീയം ആയിരിക്കും..സാധാരണ നായകളെ അപേക്ഷിച്ച് വന്‍ ശബ്ദത്തില്‍ നിര്‍ത്താതെ കുരയ്ക്കുന്ന ഇവയുടെ കുര വളരെ ദൂരത്തില്‍ വരെ കേള്‍ക്കാം..അതുകൊണ്ട് തന്നെ പരിസരവാസികള്‍ക്ക് ഇവ ഒരു ശല്യം ആകാറാണ് പതിവ്..
ഇരുപത്താറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ മുപ്പതു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..
വളരെ നല്ല വേട്ടക്കാരന്‍ ആണെങ്കിലും വീട്ടുകാരോടും കുട്ടികളോടും എല്ലാം വളരെ സൌമ്യമായി പെരുമാറും..പക്ഷെ ഈ സൌമ്യാ ഭാവം ഉള്ളതിനാല്‍ രക്ഷയ്ക്കായി വളര്‍ത്താന്‍ അത്ര പറ്റിയ ഇനം അല്ല ഇവ..പക്ഷെ ഇവ വളരെ ഉച്ചത്തില്‍ കുറയ്ക്കുന്നത് കൊണ്ടു നല്ലൊരു കാവല്‍ നായയായി ഇവയെ വളര്‍ത്താം..
പതിനൊന്നു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്

"ഹൗണ്ട് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്

Sunday, November 9, 2008

12.അമേരിക്കന്‍ ബുള്‍ഡോഗ്(American Bulldog)

വീട്ടുകാവലിനായും ആട്ടിന്‍ പറ്റങ്ങളെ നോക്കാനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്..വലിയ തലയും ഉറച്ച ശരീരവും ഉള്ള ഇവ വളരെ കായിക ശേഷി ഉള്ള ഇനം ആണ്..മറ്റു നായ്ക്കളോട് നന്നായി പെരുമാറാത്ത ഇവ കുട്ടികളോട് നല്ല അടുപ്പം കാട്ടും.

ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുത്താല്‍ നല്ലൊരു കാവല്‍ക്കാരനായി വളര്‍ത്തിയെടുക്കാം.പൊതുവെ തന്‍റെ ചുറ്റുപാടുകള്‍ രക്ഷിക്കാനുള്ള പ്രവണത ഉള്ളതിനാല്‍ നല്ലൊരു രക്ഷകനായും ഇവനെ പ്രയോജനപെടുത്താം..

പൊതുവെ പേടി ഇല്ലാത്ത ഇവ വീട്ടിലെ മറ്റു ചെറു മൃഗങ്ങളോട് ചെറുപ്പത്തിലെ പരിശീലിപ്പിച്ചാല്‍ സ്നേഹത്തോടെ പെരുമാറാനും മിടുക്കനാണ്..

ഓള്‍ഡ് കണ്ട്രി ഡോഗ്,ഓള്‍ഡ് ഇംഗ്ലീഷ് വൈറ്റ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിഏഴ് വരെ ഇഞ്ച് ഉയരം വയ്ക്കുന്ന ഇവക്കു അറുപതു കിലോ വരെ ഭാരവും ഉണ്ടാകാറുണ്ട്..

രക്ഷയ്ക്ക് പറ്റിയ ഇനമായ ഇവന്‍ എപ്പോഴും ചുറ്റുപാടും നിരീക്ഷിക്കുന്ന ഇനമായതിനാല്‍ കാവലിനു ഏറ്റവും അനുയോജ്യനാണ്..

ബുള്‍ഡോഗ് കാണിക്കേണ്ട എല്ലാ സ്വഭാവ ഗുണമുള്ള ഇവ എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമുള്ള ഇനമാണ്..പശുക്കളെയും മറ്റു നായകളെയും തന്‍റെ ചുറ്റും വരാന്‍ അനുവദിക്കാത്ത ഇവ ആട്ടിന്‍കൂട്ടത്തിനെ ആക്രമിക്കുന്ന കുറുനരികളെയും ചെന്നയ്ക്കളെയും തുരത്തുവാന്‍ അതീവ സമര്‍ത്ഥന്‍ ആണ് ..

എപ്പോഴും ഉടമ ശ്രദ്ധയും സാമീപ്യവും ആഗ്രഹിക്കുന്ന ഈ അമേരിക്കന്‍ നായയ്ക്ക്‌ എട്ടുമുതല്‍ പതിനഞ്ച് വരെ വര്‍ഷം ആയുസ്സും കാണാറുണ്ട്..

ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പതിനാറു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്ന നായകളില്‍ ഒന്നായ ഇവ നായെ വളര്‍ത്തുന്നവര്‍ ഇഷ്ടപ്പെടുന്ന ഒരിനം കൂടി ആണ്..

"വര്‍കിംഗ്" ഗ്രൂപ്പിലാണ് ഇവനെ പെടുത്തിയിരിക്കുന്നത്..

11.ആല്‍പൈന്‍ ഡാഷ്ബ്രേക്ക് (Alpine Dachsbracke)

ആസ്ട്രിയന്‍ അല്പ്സില്‍ നിന്നാണ് ഇവന്‍റെ വരവ്..ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത് മാനിനേയും മുയലിനെയും വേട്ടയാടി പിടിക്കാനും വെടിവെച്ചോ അമ്പെയ്തോ ഇടുന്ന ഇരകളെ കണ്ടെത്താനോ ആണ്..

ഓള്‍ഡ് ഹാര്‍ഡി ഇനത്തില്‍ നിന്നാണ് രൂപന്തരപെട്ടത്‌.

ഇവയുടെ കാലുകള്‍ വളരെ നീട്ടം കുറഞ്ഞതാണ്..ഇവയെ വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനം അല്ല..പ്രധാനമായും നായാട്ടിനു സഹായി ആയിട്ടോ അല്ലെങ്കില്‍ വേട്ടയ്ക്കോ ഉപയോഗപെടുത്താം. വളരെ പതുക്കെ പൊതുവെ സഞ്ചരിക്കുന്ന ഇവ വളരെ നേരം ജോലി ചെയ്യാന്‍ മിടുക്കനാണ്.മണം പിടിക്കാനും ഇരയെ നോക്കി നടക്കാനും മടിക്കുകയില്ല...

ആല്‍പൈന്‍ ലാണ്ടിഷ് ഡാഷ്ട്രെക്ക് എന്നും ഇവയ്ക്കു പേരുണ്ട്..

പതിനഞ്ച് ഇഞ്ചില്‍ താഴെ മാത്രം ഉയരം വയ്ക്കുന്ന ഇവ പതിനെട്ടു കിലോയില്‍ മാത്രമെ തൂക്കവും വയ്ക്കൂ.

നായാട്ടിനും മാത്രം പറ്റിയ ഇവയെ കുട്ടികളുമായി ഇണക്കാന്‍ കൊള്ളാവുന്ന ഇനമല്ല..കാവലിനായോ രക്ഷയ്ക്കായോ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനവും അല്ല..

നായാട്ടിലുള്ള നൈപുണ്യം വളരെ വേഗം തന്നെ പഠിപ്പിക്കാന്‍ പറ്റും..

Saturday, November 8, 2008

10.അലാസ്കന്‍ മലാമുട് (Alaskan Malamute)


അമേരിക്കന്‍ വന്‍‌കരയിലെ ഏറ്റവും സുന്ദരന്‍ എന്ന പദവിയ്ക്ക് ഏറ്റവും യോജിച്ച മിടുക്കനും അതോടൊപ്പം ശക്തിശാലിയുമായ ഒതുക്കമുള്ള ശരീരത്തോട് കൂടിയ ഇവന്‍ ചെന്നയ്ക്കളില്‍ നിന്നുണ്ടായത് എന്നാണ് കരുതുന്നത്..
എന്താണെങ്കിലും ചെന്നായുടെ കരുതും നൈപുണ്യവും ഇവയ്ക്കുണ്ട്..ഉയരത്തെ അപേക്ഷിച്ച് നീളകൂടുതല്‍ ഉള്ള ഇവയുടെ ശരീരം ഓട്ടത്തിന് ഏറ്റവും യോജിച്ചതാണ്.
കാഴ്ചയില്‍ സൈബീരിയന്‍ ഹസ്കിയോടു സാമ്യമുള്ള ഇവ പക്ഷെ ഹസ്കിയെക്കാള്‍ വലിയ ഇനം ആണ്..ശാന്തനും മിടുക്കനുമായ ഇവന് പക്ഷെ കരുത്തനും സമര്‍ത്ഥനുമായ ഒരു ഉടമയാണ് വേണ്ടത്.
സ്ലെഡജ്ജ് വലിക്കുവാനും ചക്രം പിടിപ്പിച്ച വണ്ടി വലിക്കാനും സമര്‍ത്ഥനായ ഇവ ട്രോപികല്‍ കാലവസ്ഥയ്ക്കോ ചൂടു കാലവസ്ഥയ്ക്കോ പറ്റിയ ഇനം അല്ല..ഇവന്‍റെ സൌന്ദര്യം കണ്ടു അത്തരം കാലാവസ്ഥയില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ പ്രശ്നമാകും..

അറുപതു കിലൊയൊളം ഭാരം വരുന്ന ഇവയ്ക്കു ഇരുപത്തി എട്ടു ഇഞ്ചൊളം ഉയരം വയ്ക്കുകയും ചെയ്യും.

കട്ടിയുള്ള രോമത്തോട് കൂടിയ ഇവ ഏത് കൊടും ശൈത്യത്തെയും നേരിടാന്‍ പ്രപ്തനാണ്..എപ്പോഴും ഓടാനും കറങ്ങാനും താല്പര്യമുള്ള ഇവ ചില അവസരങ്ങളില്‍ നിര്‍ത്താതെ ഒരിയിടുന്നതും കാണാറുണ്ട്..
മറ്റു നായക്കളോടും ചെറിയ ജന്തുക്കളോടും ഇണക്കി വളര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ ഇവ പ്രശ്നം സൃഷ്ടിക്കാരുണ്ട്..കൊച്ചുകുട്ടികളെ ഇവയുടെ അടുത്ത്‌ വിടാതിരിക്കുകയാണ് നല്ലത്..പക്ഷെ അല്പം വല്യ കുട്ടികളുമായി ഇവ നന്നായി ഇണങ്ങും..
കാവലിനു ശരാശരി മാത്രം ഉപയോഗിക്കാവുന്ന ഇവ രക്ഷയ്ക്കായി ഒട്ടും തന്നെ ഉപയോഗപ്പെടുത്തനാവില്ല..എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ താല്പര്യമുള്ള ഇവ ഒന്നും ഇല്ലാത്ത പക്ഷം വെറുതെ കുഴി മാന്തുകയോ ഒരിയിടുകയോ ചെയ്യും..
പട്ടണജീവിതത്തിനോ ഫ്ലാറ്റ് ജീവിതത്തിനോ ഒട്ടും തന്നെ യോജിക്കാത്ത ഇവ ധാരാളം സ്ഥലം ഉള്ള ഒരു തണുത്ത പ്രദേശത്ത് കഴിയാന്‍ ആഗ്രഹിക്കുന്ന ഒരിനം ആണ്..
പത്തു മുതല്‍ പതിനാലു വര്‍ഷം ജീവിക്കുന്ന ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"വര്‍കിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..

9.അലാസ്കന്‍ ക്ലീ കായ്‌(Alaskan Klee Kai)


അലാസ്കന്‍ ഹസ്കിയുടെ ഇനത്തില്‍പെട്ട ചെറിയ ഇനം നായയാണ്‌ ക്ലീ കായി.കൂര്‍ത്ത മുഖം കണ്ടാല്‍ കുറുനരിയോടു സാമ്യം തോന്നിയേക്കാം..മുഴുവന്‍ ഉയരത്തെക്കാള്‍ നീളമേറിയതാണ് ഇവയുടെ ഉടല്‍.

അപൂര്‍വ ഇനം നായ ആണെങ്കിലും മൂന്നുതരം ക്ലീ കയികളുണ്ട്‌.ടോയി എന്ന ഒന്നാം ഇനത്തിലെയും മിനിയേച്ചര്‍ എന്ന രണ്ടാം ഇനത്തിലെയും സ്റ്റാന്‍ഡേര്‍ഡ് എന്ന മൂന്നാം ഇനത്തിലെയും നായകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്..

നന്നായി കുരയ്ക്കുമേന്നുള്ളതുകൊണ്ട്‌ കാവലിനായി വളര്‍ത്താമെങ്കിലും ചെറിയ ഇനം നായ ആയതിനാല്‍ രക്ഷയ്ക്കായി അത്ര ഉപയോഗെപ്പെടില്ല..എന്നാല്‍ ഇവന്‍ തന്നാലാവും വിധം അതിലും ശ്രദ്ധിക്കാറുണ്ട്..വളരെ വേഗത്തിലുള്ള ഇവന്‍റെ ഇരപിടിത്തം കണ്ടാല്‍ പൂച്ചയെയാണ് ഓര്‍മ്മ വരിക..

പതിമൂന്നിഞ്ചിനു താഴെ വരുന്നവയെ ടോയി ഗ്രൂപ്പിലും പതിമൂന്നു മുതല്‍ പതിനഞ്ച് വരെ ഉയരം വരുന്നവയെ മിനിയേച്ചര്‍ ഗ്രൂപ്പിലും പതിനഞ്ച് മുതല്‍ പതിനേഴ്‌ ഇഞ്ചുവരെ ഉയരം ഉള്ളവയെ സ്റ്റാന്‍ഡേര്‍ഡ് ഗ്രൂപ്പിലും പെടുത്തിയിരിക്കുന്നു..ഇവ പക്ഷെ പത്തു കിലോയില്‍ താഴെമാത്രമേ ഭാരം വയ്കൂ..

എ കെ കെ എന്നും ക്ലി കായി എന്നും ഇവനു പേരുണ്ട്..

ചെറു ജന്തുക്കളെ ആക്രമിക്കുന്ന ഇവ മറ്റു നായ്ക്കളോട് നന്നായി പെരുമാറും..കുട്ടികളെ ഇവയുടെ ഒപ്പം തനിച്ചു വിടാതിരിക്കുകയാവും ഭേദം..അനുസരണാശീലം അല്പം കുറവാണെങ്കിലും ശരാശരി ബുദ്ധിയുള്ള ഇനമാണിത്..ഗ്രാമത്തില്‍ താമസിക്കുന്ന പരിചയ സമ്പന്നനായ ഉടമയാണ് ഇവനു ചേരുന്നതെങ്കിലും ഫ്ലാറ്റിലും ഇവയെ വളര്‍ത്താം..പക്ഷെ വ്യായാമം ഇവയ്ക്കു വേണ്ടും വണ്ണം ലഭികണം.

അമേരിക്കകാരനായ ഇവന്‍റെ ശരാശരി ആയുസ്സ് പത്തു മുതല്‍ പതിമൂന്നു വയസ്സുവരെയാണ്.ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ മൂന്നു കുട്ടികള്‍ വരെ കണ്ടേക്കാം..

"കമ്പാനിയന്‍ "ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്

Friday, November 7, 2008

8.അലാപഹ ബ്ലുബ്ലഡ് ബുള്‍ഡോഗ്(Alapaha Blue Blood Bulldog)


സുരക്ഷയെ മുന്നില്‍ കണ്ടുകണ്ടാണ് എല്ലാവരും ഇവനെ വളര്‍ത്തുന്നത്.ഉടമയ്ക്ക് നല്ല ഒരു സുഹൃത്തായ ഇവ യജമാനനെയും സ്വത്തിനെയും ജീവന്‍ നല്‍കിയും രക്ഷിക്കാന്‍ സമര്‍ത്ഥന്‍ ആണ്.മറ്റു അമേരിക്കന്‍ നായ്ക്കളെ പോലെ തന്നെ അപടകടകാരി ആണ് ഇവനും..
നല്ലൊരു കാവല്‍ക്കാരനും കൂടിയായ ഇവന്‍റെ ചതുരാകൃതി പോലെയുള്ള ശരീരം ചുറുചുറുക്കിനും ഓട്ടത്തിനും പറ്റിയതാണ്.ഇവന്‍റെ ശ്രദ്ധാപൂര്‍വമായ പെരുമാറ്റം പേരു കേട്ടതാണ്..


ഇവന്‍റെ നീണ്ട വാല്‍ മുറിക്കേണ്ട കാര്യമില്ല.പൂച്ചയുടെതിനു സമാനമായ കാലുകളുള്ള ഇവയുടെ കണ്ണുകള്‍ ചെറിയ നീല നിറത്തോട് കൂടിയവയോ ബ്രൌണ്‍ നിറത്തോട് കൂടിയവയോ ആയിരിക്കും..
സ്വന്തം വീട്ടിലെ കുട്ടികളോടും മറ്റു ജന്തുക്കളോടും നന്നായി പേരുമാറുമെങ്കിലും അപരിചിതരോട് മോശമായി പെരുമാറുന്ന ഇവയെ ഒരു വേലിയ്ക്കുള്ളില്‍ വളര്‍ത്തുകയാവും ഭേദം..

ഇവന് ഓട്ടോ എന്നും പേരുണ്ട്

ഇരുപത്തി അഞ്ചിഞ്ചില്‍ താഴെ മാത്രം ഉയരം വയ്ക്കുന്ന ഇവയ്ക്കു നാല്പത്തി അഞ്ചുവരെ കിലോ തൂക്കവും വയ്ക്കാം..
കൂട്ടിനും രക്ഷയ്ക്കും ഒരു പോലെ നല്ല ഇവ അമേരിക്കയിലെ ഏറ്റവും നല്ല ജനുസ്സില്‍ പെട്ട ഒരിനം ആണ്.

എപ്പോഴും ജോലി ചെയ്യാന്‍ സന്നദ്ധനായ ഇവ സാദാ ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കും.,.

ചെറു പ്രായത്തില്‍ പരിശീലനവും മറ്റുള്ളവരോട് ഇണക്കിയും വളര്‍ത്താത്ത പക്ഷം ഇവ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം..

ഒരു ഗ്രാമ പ്രദേശമോ വിശാലമായ തൊടിയോടു കൂടിയ വീടോ ആണ് നല്ലതെങ്കിലും എന്നും വ്യായാമം കൊടുക്കാനായാല്‍ ഫ്ലാറ്റിലും ഇവയെ വളര്‍ത്താം..

പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസ്സുവരെ ആയുസ്സുണ്ടാകാറുണ്ട് ഇവയ്ക്ക്‌..

"വര്‍കിംഗ്." ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുനത്.

Thursday, November 6, 2008

7.അകിത്ത... (Akita)


പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു ഇനം ആണ് ഇവന്‍. വലിയ ശ്രദ്ധാലുവായ ,ഉറച്ച ശരീരത്തോടെയുള്ള കരുത്തനായ സുന്ദരന്‍.വലിയ മൂക്കും,ചെറിയ ത്രികോണ ആകൃതിയുള്ള കണ്ണുകളും ചുരുണ്ട വാലും ഉള്ളവന്‍. ഇവയുടെ ത്രികോണം പോലെയുള്ള തലയും താടിയെല്ലും വളരെ വലുതും കരുത്തുള്ളതുമാണ്..
ജാപ്പനീസ് സ്പ്ടിസ് ജനുസ്സില്‍ പെട്ട ഇവയേക്കാള്‍ വലുതായ മറ്റൊരിനം വേറെയില്ല ..ഉടമയോടുള്ള സ്നേഹത്തിനും,വിശ്വസ്തതയ്ക്കും അനുസരണയ്ക്കും ഇവയേക്കാള്‍ പറ്റിയ മറ്റൊരിനം ഉണ്ടോയെന്നു സംശയം തന്നെ..അല്പം പരന്ന കാലുകള്‍ ഇവയെ നല്ലൊരു നീന്തല്‍കാരന്‍ കൂടിയാക്കുന്നു..അത്യാവശ്യം വ്യായാമം ആവശ്യമുള്ള ഇവ യജമാനന്‍ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാല്‍ അത്യാവശ്യം കുരച്ചു ബഹളമുണ്ടാക്കി ശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കുകയോ അനുസരണകേട് കാട്ടുകയോ ചെയ്തെന്നു വരാം..

ശിഷി ഇനു,ജാപ്പനീസ് അകിത,അകിത്ത ഇനു എന്നും ഇവനു പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ചോളം ഉയരം വരാറുള്ള ഇവ അറുപതു കിലോയോളം തൂക്കവും വയ്ക്കാറുണ്ട്..

വീട്ടുകാവലിനായി വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഇനമായ ഇവ വീട്ടുകാരോട് നല്ല സ്നേഹം കാട്ടുമെങ്കിലും അപരിചിതരോട് അത്ര നല്ലപോലെ ഇടപെടണം എന്നില്ല..

കുട്ടികളെ സ്നേഹിക്കുന്ന ഇവര്‍ മറ്റുള്ള കുട്ടികളെ ആക്രമിക്കാറുണ്ട്..ചെറിയ ജന്തുക്കളെ ഒട്ടും ഇഷ്ടപെടാത്ത ഇവ വീട്ടിലുള്ള വളര്‍ത്തുജീവികളെ ചിലപ്പോള്‍ ഉപദ്രവിച്ചു എന്നിരിക്കും..

കാവലിനായോ രക്ഷയ്ക്കായോ പറ്റിയ ഇനം ദിവസവും വ്യായാമം വേണ്ട ഇനമാണ്‌..അതിന് പറ്റുമെങ്കില്‍ മാത്രം വളര്‍ത്തുന്നാണ് ഉത്തമം..

ചെറുപ്പത്തിലെ പരിശീലനം കൊടുത്തില്ലെങ്കില്‍ മറ്റു നായകളെ ആക്രമിക്കുവാന്‍ ഉള്ള സ്വഭാവം മാറിയില്ല എന്നിരിക്കും..

നല്ല ബുദ്ധിയുണ്ടെങ്കിലും സ്വതന്ത്ര സ്വഭാവം ഉള്ളതിനാല്‍ അനുസരണ പഠിപ്പിക്കാന്‍ അല്പം മിനക്കെടണം..
പത്തു മുതല്‍ പന്ത്രണ്ട് വയസ്സ് വരെ ആയുസുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ വരെ കാണും.
"വര്‍ക്കിംഗ്" ഗ്രൂപ്പിലാണ് ഇവനെ പെടുത്തിയിരിക്കുന്നത്

Wednesday, November 5, 2008

6..അക്ബാഷ് (Akbaash Dog)

തുര്‍ക്കിക്കാരന്‍..

ഹംഗറിയിലെ കുവാസ്,ഫ്രഞ്ച് ഗ്രേറ്റ്‌ പൈരെനിസ്,ഇറ്റലിയിലെ മരെമ ഷീപ്പ് ഡോഗ് തുടങ്ങിയ ഇനങ്ങളുടെ ബന്ധു.ഇവ മാസ്റ്റിഫ്, ഗെസ് ഹൌണ്ടിന്റെ സന്കര ഇനത്തില്‍ പെടുത്താവുന്ന ഒന്നാണ്..വലിയ ഇനം നായ ആയ ഇവന്‍റെ മഞ്ഞുപോലെയുള്ള വെളുത്ത രോമം കാരണം ചെന്നയ്ക്കളില്‍ നിന്നും പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു.

വളരെ ശാന്തനായ ഇവന്‍ പക്ഷെ അതീവ ധീരനാണ്..പരിചയ സമ്പനനായ ഒരു ഉടമയാവും പക്ഷെ ഇവനു ചേരുക..ആദ്യമായി നായയെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാകുകയവും ബുദ്ധി.വീട്ടുകരോടെ നന്നായി പെരുമാറുന്ന ഇവന്‍ പക്ഷെ അതിഥികളോട് ക്രൂരമായി പെരുമാറി എന്ന് വരാം.

അക്ബാസ് എന്നും അക്ബാസ് കൊബെന്‍ കൊപെജി എന്നും ഇവനു പേരുണ്ട്.

മുപ്പത്തിനാല് ഇഞ്ചോളം ഉയരം വയ്ക്കാവുന്ന ഇവ അറുപത്തി അഞ്ചു കിലോ വരെ തൂക്കവും വയ്ക്കാറുണ്ട്..

വീട്ടിലുള്ള കുട്ടികളോടും മറ്റു മൃഗങ്ങളോടും മാന്യമായും സ്നേഹത്തോടെയും പെരുമാറുന്ന ഇവന്‍ അന്യരോട് വളരെ മോശമായെ പെരുമാറൂ..മിക്കപ്പോഴും സ്വന്തന്ത്രമായി ചിന്തിക്കുന്ന ഇവന്‍ ചിലപ്പോള്‍ തന്നിഷ്ടം പ്രവര്‍ത്തിച്ചു എന്നും വരാം..

കാവലിനായോ രക്ഷയ്ക്കയോ ഇവനെ വളര്‍ത്താം..തന്‍റെ ചുറ്റും വളരെ ശ്രദ്ധിച്ചു വീക്ഷിക്കുന്ന ഇവന്‍ തന്‍റെ വീടും ചുറ്റുപാടും ജീവന്‍ കൊടുത്തും രക്ഷിക്കും.

ഗ്രാമപ്രദേശം ഇഷ്ടപെട്ടുന്ന ഇവ പക്ഷെ ബംഗ്ലാവിലും ഒതുങ്ങിക്കൂടും..പക്ഷെ ഫ്ലാറ്റില്‍ ഇവയെ ഒഴിവാക്കുകയാവും ബുദ്ധി.

പക്ഷെ നല്ല ആരോഗ്യവും അജ്ഞ്ഞാ ശക്തിയും തന്‍റെ നായെ നന്നായി നിയന്ത്രിക്കാനും ശേഷിയുള്ളവരെ ഇവയെ വളര്‍ത്താവൂ..

പത്തു മുതല്‍ പതിനൊന്നു വയസ്സുവരെ ഇവയ്ക്കു ആയുസ്സുണ്ടായിരിക്കും..ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ ഒന്‍പതു കുഞ്ഞുങ്ങള്‍ വരെയും ഉണ്ടാവും..

"ഫ്ലോക് ഗാര്‍ഡ് " ഗ്രൂപ്പില്‍ ആണ് ഇവനെ പെടുത്തിയിരിക്കുന്നത്

5. ഐര്‍ഡെല്‍ ടെറിയര്‍് (Airedale Terrier)

ടെറിയര്‍് ഇനത്തിലെ രാജാവ് എന്നാണ് ഇവന്‍ അറിയപ്പെടുന്നത്.

വളരെ ചുറുചുറുക്കോടെ കാണപ്പെടുന്ന ഇവന്‍റെ കാഴ്ച ശക്തിയും കേള്‍വി ശക്തിയും പേരുകേട്ടതാണ്..പേരുകേട്ട ഒരു വേട്ടക്കാരനായ ഇവന്‍ കീരി,നീര്‍നായ,കുറുനരി,താറാവ് തുടങ്ങി എല്ലാ ചെറിനം മൃഗങ്ങളയൂം വെറുതെ വിടില്ല..

സാധാരണയായി ചെമ്പന്‍ നിറത്തോട് കൂടിയ ഇവന്‍റെ ചെവിയിലോ വാലിലോ ചിലപ്പോള്‍ കറുത്ത നിറം കണ്ടെന്നും വരാം.ഒടിഞ്ഞു തൂങ്ങിയ ചെവിയുള്ള ഇവന്‍റെ തല നീണ്ടതാണ് മുഖത്ത് ഒരു വലിയ മീശയും ഇവന്‍റെ അടയാളം തന്നെ...

നല്ല ഒരു ഉടമയുടെ കൂട്ട് ആവശ്യമുള്ള ഇവന്‍ അല്പം പ്രായമായ കുട്ടികളുടെ കൂട്ട് ആണ് ഇഷ്ടപ്പെടുന്നത്..ചെറു മൃഗങ്ങളെ ആക്രമിക്കുന്ന ഇവ ചിലപ്പോള്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചു എന്നും വരാം..ഫ്ലാറ്റില്‍ വളര്‍ത്താന്‍ പറ്റിയ ഇനമല്ല ഇവ..

വര്‍ക്കിംഗ് ടെറിയര്‍്, വാട്ടര്‍ സൈഡ് ടെറിയര്‍്, ബിങ്ങ്ളീ ടെറിയര്‍് എന്നും ഇവയ്ക്കു പേരുണ്ട് ..

ഇരുപത്തി മൂന്നു ഇഞ്ചിന് താഴെ മാത്രമെ ഇവ ഉയരം വയ്ക്കൂ.ഇരുപതു കിലോയോളം ഭാരവും വച്ചേക്കാം..

കാവലിനായോ രക്ഷയ്ക്കായോ ഇവനെ വളര്‍ത്താം പക്ഷെ നല്ല പരിശീലനം ആവശ്യമാണ്.വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രതിക്കുവാനുള്ള വാസനയും ഇവനുണ്ട്.

ഇവന്‍റെ സ്വദേശം ഐര്‍ (യോര്‍ക്ക് ഷെയര്‍ - ഇംഗ്ലണ്ട് ) ആണ്..അപ്പോള്‍ ബ്രിട്ടീഷ് ആയ ഇവന്‍ അതെ പരമ്പര്യത്തോട്‌ കൂടിയ അഭിമാനിയായ മിടുക്കന്‍ നായയാണ്‌..

പന്ത്രണ്ട് മുതല്‍ പതിനാല് വയസ്സ് വരെ ജീവിക്കുന്ന ഇവയ്ക്കു ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..

"ടെറിയര്‍് " ഗ്രൂപ്പിലാണ് ഇവനെപെടുത്തിയിരിക്കുന്നത്.

4.ഐനു (Ainu)

ജപ്പാന് വെളിയില്‍ അപൂര്‍വമായി മാത്രം കണ്ടുവരാറുള്ള ഒരു സ്പിട്സ് ഇനം.ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പെ ജപ്പാനില്‍ ഉണ്ടായിരുന്ന ഐനു ഗോത്രത്തില്‍ നിന്നാണ് ഇവന് ഈപേര് ലഭിച്ചത്.വടക്കന്‍ ജപ്പാനിലെ ഹോക്കൈടൂ ദ്വീപില്‍നിന്നാണ് ഇവയുടെ വരവ്.

കരുത്തനായ ഇവന്‍ ഒരു വേട്ടനായ ആണെങ്കിലും കവലിനായും ഉപയോഗിക്കുന്നു..മുന്നൂറു കിലോയുള്ള കരടിയെ പോലും കൊന്ന ചരിത്രം ഇവനുണ്ട്.സ്നേഹത്തോടെയും പരിശീലനത്തോടെയും വളര്‍ത്തിയാല്‍ ഉടമയെ നന്നായി സ്നേഹിക്കാനും അനുസരിക്കാനും ഇവന്‍ മടിക്കാറില്ല.എന്നാല്‍ വീട്ടില്‍ വരുന്ന അപരിചിതരോടെ വളരെ മോശമായി പെരുമാറിയെന്നും വരാം..

ഹോക്കൈടൂ എന്നും ഐനു കെന്‍ എന്നും ഇവയ്ക്കു പേരുണ്ട്..

രണ്ടടിയില്‍ താഴെ മാത്രം തൂക്കം വയ്ക്കുന്ന ഇവ മുപ്പതു കിലോയോളം വരെ ഭാരം വച്ചുവെന്നും വരാം,

അതീവ ബുദ്ധിശാലിയായ ഇവന്‍ വളരെ നല്ലതായി പരിശീലനത്തില്‍ ഏര്‍പെടുകയും നന്നായി അനുസരണ കാട്ടുകയും ചെയ്യും..വീട്ടിലുള്ള കുട്ടികളെ വേണ്ടും വണ്ണം പരിച്ചയപെടുത്തിയാല്‍ നല്ലവണ്ണം പെരുമാറാനും ഇവര്‍ക്കറിയാം..

കവലിനായോ ,രക്ഷയ്ക്കായോ ഇവയെ വളര്‍ത്താം.പണ്ടു കാലത്ത് മാനിനേം കരടിയേം നായാടന്‍ ശീലിപ്പിച്ചിരുന്ന ഇവയ്ക്കു ഭയം ലവലേശമില്ല..

നല്ല വ്യായാമം ആവശ്യമുള്ള ഇവ പതിമൂന്നു വയസ്സുവരെ ആയുസ്സുള്ളവയാണ്.

"കമ്പാനിയന്‍" ഗ്രൂപ്പിലാണ് ഇവനെ പെടുത്തിയിരിക്കുന്നത്

Tuesday, November 4, 2008

3.ഐഡി.. (Aidi)

മൊറോക്കോ ആണ് സ്വദേശം...പൊതുവെ പരുക്കന്‍ ആയിട്ടാണ് ഇവന്‍ അറിയപ്പെടുന്നത്..സുന്ദരന്‍ ആണെങ്കിലും അല്പം ക്രൂരന്‍ ആണ്..ആട്ടിന്‍ കൂട്ടങ്ങളെ സംരക്ഷിക്കാനുള്ള കഴിവുകൊണ്ട് ഉടമയുടെ ഇഷ്ടഭാജനമാണ്,.പക്ഷെ കുട്ടികളെ വളരെ കുറച്ചേ ഇവന്‍ സ്നേഹിക്കൂ..

കുട്ടികള്‍ ഇവന്‍റെ അടുത്ത് നിന്നു മാറി നില്‍ക്കുകയാവും ഭംഗി..
അട്ലെസ് മൌണ്ടന്‍ ഡോഗ്,കൈബേല്‍ ഡോഗ്,ചെന്‍ ടെ അട്ലെസ് എന്നും ഇവയ്ക്കു പേരുണ്ട്..

രണ്ടടിയില്‍ താഴെയേ ഉയരം വയ്ക്കൂ..മുപ്പതു കിലോയില്‍ താഴെയേ വരൂ..
പൊതുവെ ദേഷ്യക്കാരന്‍ ആണ്..കാവലിനായോ ഒരു രക്ഷകനായോ നല്ല ഇനം നായയാണ്‌..

വളരെ കൂര്‍മ ബുദ്ധി ഉള്ള ഇവനെ പക്ഷെ വീട്ടില്‍ വളര്‍ത്തുക അപകടം ആയിരിക്കും.പൊതുവെ ആരോടും അടുക്കാത്ത ഇവന്‍ അതിഥികളെ ഒരു പക്ഷെ ക്രൂരമായി ആക്രമിച്ചെന്നും വരും..
പതിനൊന്നു വയസ്സോളം ഇവന്‍ ആയുസ്സുള്ളവനാണ് ഇവന്‍..

"ഫ്ലോക് ഗാര്‍ഡ് ഡോഗ് " ഗ്രൂപ്പിലാണ് ഇവന്‍റെ സ്ഥാനം

2.അഫ്ഗാന്‍ ഹൗണ്ട് (Afgan hound)

ടാസി എന്നും ബലൂചി ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

സുന്ദരനും കുലീനനുമായ ഇവന്‍ നായകള്‍ക്കിടയിലെ ഒരു സ്റ്റാര്‍ കൂടി ആണ്.അഫ്ഗാന്‍ ഓട്ടത്തിന് പേരുകേട്ട ഇവ നീളം കൂടിയ സില്‍കി രോമം ഉള്ളവയാണ്.

പൊതുവെ വിലകൂടിയ ഇനമായ ഇവ വീട്ടില്‍ വരുന്നവരോട് മാന്യമായി പെരുമാറണം എന്നില്ല..എങ്കിലും വീട്ടുകാരോട് സ്നേഹം,കൂറ് കാണിക്കാന്‍ മിടുക്കനായ ഇനമാണ്‌.

പൊതുവെ ഇരുപത്തിയെട്ട് ഇഞ്ചിന് താഴെ മാത്രമെ ഉയരം വയ്കൂ എങ്കിലും മുപ്പതു കിലോയോളം തൂക്കം വയ്ക്കാറുണ്ട്.വീട്ടുകാരോട് സ്നേഹം കാണിക്കുമെങ്കിലും പരിശീലനം അല്പം പ്രയാസം ആണ്..പൊതുവെ തന്നിഷ്ടക്കാരനായ ഇവന്‍ വീട്ടിലുള്ള ചെറിയ ഇനം മറ്റു നായകളെയോ പൂച്ചയേയോ തരം കിട്ടിയാല്‍ കൊന്നെന്നും വരും..

കൂടെ കൊണ്ടു നടക്കാന്‍ നല്ല ഇനമായ ഇവന്‍ വലിയ ഓട്ട വീരനും വേട്ടക്കാരനും കൂടിയാണ്.അപരിചിതരോട് അടുക്കാത്ത ഇവന്‍ വളരെ നല്ല കാവല്‍ക്കാരന്‍ ആണ്..ആരെങ്കിലും ആക്രമിച്ചു കടന്നാല്‍ അവരെ ആക്രമിക്കാന്‍ ഒട്ടും സങ്കോചിക്കില്ല..

സ്വദേശം അഫ്ഗാനിസ്ഥാന്‍ അയ ഇവന്‍ പൊതുവെ മറ്റു നായകളെ ഇഷ്ടപെടാറില്ല..നല്ലബുദ്ധിമാനെങ്കിലും അനുസരണ ശീലം അല്പം കുറവാണു.ഒരു പ്രസവത്തില്‍ എട്ടോളം കുട്ടികള്‍ ഉണ്ടാകാറുണ്ട് .ഇവയ്ക്കു പതിനഞ്ചു വയസ്സോളം ആയുസ്സും ഉണ്ടാകുറുണ്ട്..

ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ഇവയെ ഒഴിവാക്കുകയാകും നല്ലത്..ബംഗ്ലാവിലോ ഗ്രാമത്തിലോ ആവും ഇവ നല്ലത്..നല്ല ശ്രദ്ധയും പരിശീലനവും ആവശ്യമായ ഇവയ്ക്കു എന്നും വ്യായാമവും അത്യാവശ്യമാണ്.

ഇവന്‍ "സൈറ്റ് ഹൗണ്ട്" ഇനത്തിലെ നായയാണ്‌

1, അഫന്‍ പിഞ്ചര്‍ (Affenpinscher)


പിഞ്ചര്‍ ഗ്രൂപ്പിലെ ഒരു കുള്ളന്‍..കണ്ടാല്‍ പാവ പോലെ തോന്നുന്ന ഇവന്‍ ജര്‍മനിക്കാരന്‍ ആണ്.. പണ്ടു ഇവനെ എലിയേം മുയലിനെയും പിടിക്കാന്‍ ഉപയോഗിച്ചിരുന്നു.ഇപ്പോള്‍ നല്ല ഒരു വളര്‍ത്തിനം ആണ്.കുട്ടികളോടെ നല്ല സ്നേഹം ഉള്ള ഇവന്‍ പൊതുവെ ഒരു ഫാമിലി പെറ്റ് ആണ്.


ഒരടിയില്‍ താഴെമാത്രം ഉയരം ഉള്ള അഫന്‍ പൊതുവെ അഞ്ചു കിലോയില്‍ താഴെ മാത്രമെ തൂക്കവും വയ്ക്കു.പൊതുവെ അല്പം പിടിവാശിക്കാരന്‍ ആണ് അതോടൊപ്പം അല്പം കുസൃതിയും .



വീട് കാക്കാന്‍ ഇവന്‍ പോര.പക്ഷെ ആരെങ്കിലും വന്നാല്‍ കുരച്ചു നമ്മുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഇവന്‍ ധാരാളം മതി.ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ വരെ കണ്ടേക്കാം അതുപോലെ തന്നെ ഏകദേശം പത്തു മുതല്‍ പന്ത്രണ്ടു വര്‍ഷം ആയുസ്സും ഇവനുണ്ട്..


ഫ്ലാറ്റുകളില്‍ വളര്‍ത്താന്‍ പറ്റിയ ഇനം ആയ ഇവന് പൊതുവെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല എങ്കിലും പല്ലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നന്നായിരിക്കും.


സാധാരണ ബുദ്ധി മാത്രം ഉള്ള ഇവനെ വളരെ ചെറുപ്പത്തിലെ പരിശീലനം നല്‍കുന്നതാണ് ഉത്തമം..തന്നെയുമല്ല കാര്യങ്ങള്‍ പഠിക്കാനുള്ള ശരാശരി വിവരവും ഇവയ്കുണ്ട്..



ഇവന്‍ "ടോയി" ഗ്രൂപ്പില്‍ പെട്ട നായ ആണ്

ആമുഖം

കൂടുതല്‍ സാഹിത്യം വിളമ്പുന്നില്ല..കഴിവതും എല്ലാ നായ്ക്കളെയും കുറിച്ചു എഴുതാനാ ഉദ്ദേശം.അവയുടെ പേര്,സ്വദേശം, ഇനത്തെക്കുറിച്ചുള്ള വിശദീകരണം..എല്ലാം ഉള്‍പെടുത്തുവാന്‍ ശ്രമിക്കാം..ഇനി അഥവാ പട്ടിയെ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് / ആലോചിക്കുന്നവര്‍ക്ക്‌ ഒരു റഫറന്‍സ് ആയും നോക്കാം..