Monday, May 25, 2009

110.ഡാല്‍മേഷന്‍ (Dalmatian)

കണ്ടാല്‍ തന്നെ ഒരു പ്രത്യേകത തോന്നിക്കുന്ന ഇവയുടെ വെളുപ്പില്‍ ഉള്ള കറുപ്പ്‌ പുള്ളികള്‍ തന്നെയാണ് ഇവയുടെ അടയാളവും. ഉടമയോട് നല്ല അടുപ്പം കാട്ടുന്ന ഇവ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. അതുകൊണ്ടുതന്നെ ഇവയെ വളര്‍ത്തുന്നവര്‍ ഇവയുടെ ഈ സ്വഭാവം മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും.

നല്ല ആരോഗ്യവും ബുദ്ധിശക്തിയും മാത്രമല്ല നല്ല ചുറുചുറുക്കും ഉള്ള ഡാല്‍മേഷന്‍ ഇപ്പോഴും ഓടിനടക്കാന്‍ ഇഷ്ടമുള്ള നായയാണ്‌. ഉടമ ഇവയെ തനിച്ചാക്കി സ്ഥലം വിട്ടാല്‍ ആകെ മൂഡ്‌ഔട്ട്‌ ആകുന്ന ഡാല്‍മേഷന്‍ അപരിചിതരോട് അത്ര നല്ല സ്നേഹം കാട്ടാറില്ല. ജനിക്കുമ്പോള്‍ വെള്ളകളറോട് കൂടി‌ ജനിക്കുന്ന ഇവയ്ക് പിന്നീട് കറുത്ത പുള്ളികള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. കുതിരകളോട് അല്പം അടുപ്പം കാട്ടുന്ന ഈ പഴയ യുഗോസ്ലാവ്യകാരന്‍ നായ കരുത്തുള്ള ശരീരവും സമീകൃതമായ ആകാരവുമുള്ള നായയാണ്‌.

രണ്ടടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.

നീളം കുറഞ്ഞ മിനുക്കമുള്ള രോമം ഇവയുടെ പ്രത്യേകതയാണ്.കാറുകളോടും കുതിരകളോടും പ്രത്യേക ഇഷ്ടം കാട്ടുന്ന ഇവയെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളുമായി ഇണക്കത്തില്‍ വളര്‍ത്തിയാല്‍ നന്നായി പെരുമാറും. എന്നാല്‍ മറ്റു നായകളോടും മൃഗങ്ങളോടും വളരെ മോശമായി ചെലപ്പോള്‍ പെരുമാറിയെന്നും വരാം. ചെറുപ്പത്തില്‍ നല്ല വ്യായാമവും പരിശീലനവും കൊടുക്കുന്നത് വളരെ നല്ലതായിരിക്കും.

കാവലിനു വളരെ നല്ലയിനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്തിയാല്‍ ശരാശരിയില്‍ മേലെ മികച്ചയിനം ആയിരിക്കും.

ഇടയ്ക്കിടെ ഇവയുടെ രോമം ഒന്ന് ചീകി കൊടുക്കുന്നത് നന്നായിരിക്കും. രോമം പൊഴിച്ചില്‍ അത്യാവശ്യം ഉള്ളയിനമാണ് ഇത്. ചെറുപ്പത്തിലേ പരിശീലനങ്ങള്‍ കൊടുക്കണം. നല്ല ബുദ്ധിയും തിരിച്ചറിവും കായികശേഷിയും ഉള്ളയിനം ആയതിനാല്‍ ചെറുപ്പത്തിലെ ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും.

ചില ഡാല്‍മേഷന്‍ കേഴ്വികുറവോ കേഴ്വി ഒട്ടുമില്ലാതെ വരികയോ ചെയ്യാറുണ്ട്. അതുപോലെ നായകളില്‍ മൂത്രത്തില്‍ കല്ല് ഉണ്ടാകാന്‍ സാധ്യതയുള്ളയിനവും ഇത് തന്നെയാണ്. ചിലയിനത്തില്‍ ഉള്ള അലര്‍ജികളും അപസ്മാരവും ഈയിനം നായകള്‍ക്ക് ഉണ്ടാവാറുണ്ട്.

ശരാശരി പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ എട്ടുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

അല്‍ബനിയയ്ക്ക് വടക്കുള്ള തീരപ്രദേശമായ ഡാല്‍മേഷ്യയില്‍ നിന്നാണ് ഇവന് ഈ പേര് ലഭിക്കുന്നത്‌. നായ പ്രദര്‍ശനങ്ങളിലും സര്‍ക്കസിലും ഡാല്‍മേഷന്‍ പ്രീയപ്പെട്ട ഇനമാണ്‌.

Saturday, May 23, 2009

109.ഡാഷണ്ട് (Dashund)

ജര്‍മ്മന്‍കാരന്‍ ആണെങ്കിലും ഭാരതത്തില്‍ വളരെ പ്രിയങ്കരനായ ഈയിനം വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന നല്ലയിനം നായകളിലൊന്നാണ്. അപരിചിതരോട് അത്ര പ്രിയംകാട്ടാത്ത ഡാഷ് നന്നായി കുരയ്ക്കുന്നയിനമാണ്. കുറിയകാലുകളും നീണ്ടശരീരവുമുള്ള ഡാഷ് രോമത്തിന്റെ പ്രത്യേകതയനുസരിച്ച് മൂന്നു തരത്തിലും ഇവയുടെ ഓരോയിനത്തിലും സ്റ്റാന്‍ഡേര്‍ഡ്, മിനിയേച്ചര്‍ എന്നിങ്ങനെ വലിപ്പത്തിനനുസരിച്ച് വര്‍ഗ്ഗീകരിച്ചിരിക്കുന്നു. അങ്ങനെ ആകെ ആറുതരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളതും, പരുക്കനായതും ഒപ്പം നീണ്ട രോമങ്ങള്‍ ഉള്ളതുമായി മൂന്നു തരത്തില്‍ ഡാഷ് ലഭ്യമാണ്. മിനുസമുള്ളയിനംഡാഷ് സങ്കരയിനമല്ല. എന്നാല്‍ മറ്റുതരത്തില്‍ ഉള്ള ഡാഷ് സ്പാനിയേല്‍, പിഞ്ചര്‍, ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ തുടങ്ങിയവയോട് ക്രോസ് ചെയ്തയിനമാണ്.

നല്ല ബുദ്ധിയുള്ളയിനമായ ഇവയ്ക്കു പരിക്ക് പറ്റാന്‍ ഇടയുള്ളതിനാല്‍ ഇവയുടെ ഭാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഭാവിയില്‍ അനുസരണകേട് കാട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് ഇവയുടെ ചെറുപ്പത്തില്‍ തന്നെ സ്വഭാവം രൂപികരിക്കാന്‍ നല്ല പരിശീലനം കൊടുക്കുന്നത് നന്നായിരിക്കും.

ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടും ആറിഞ്ച്‌ വരെ ഉയരം വയ്ക്കുന്നതിനെ മിനിയേച്ചര്‍ ആയിട്ടും കണക്കാക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് ഇനത്തിനു ശാരാശി പതിനാലു കിലോവരെയും മിനിയേച്ചര്‍ ഇനത്തിനു അഞ്ചു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.

കാവലിനു നല്ലയിനമായ ഇവ പക്ഷെ രക്ഷയ്ക്ക് അത്രപറ്റിയ ഇനമല്ല. കുട്ടികളോടുള്ള പെരുമാറ്റം ഇവയുടെ ഓരോ ഇനത്തിനും ഓരോ രീതിയിലായിരിക്കും. നീളമുള്ള രോമമുള്ള ഡാഷ് പൊതുവേ കുട്ടികളോട് നന്നായി പെരുമാറും എങ്കിലും മറ്റുള്ളവ അത്ര നന്നായി പെരുമാറണം എന്നില്ല.

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ഹൗണ്ട്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Wednesday, May 20, 2009

108.ചെക്കോസ്ലോവാക്യന്‍ വൂള്‍ഫ് ഡോഗ് (Czechoslovakian Wolfdog)

ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത ജര്‍മ്മന്‍ ഷെപ്പേഡിന്റെയും കാര്‍പ്പാത്തിയന്‍ ടിമ്പര്‍ ചെന്നായയുടെയും സങ്കരയിനമായ ഇവ രൂപത്തിലും ഭാവത്തിലും ഏറെ സാദൃശ്യം ചെന്നയയോടാണ്. ഉടമയോടും വീട്ടുകാരോടും മാത്രം ഇണങ്ങുന്ന ഇവ പേടിയില്ലാത്തതും വളരെ ആക്രമണകാരിയും ആണ്. അപരിചിതരോട് വളരെ മോശമായി പ്രതികരിക്കുക ഇവയുടെ ഒരു ശീലമാണ്. കഴിവുള്ളതും നായയെ നിയന്ത്രിക്കാനും കഴിവുള്ള ഒരാള്‍ക്ക്‌ യോജിച്ച ഇനമായ ഇവയെ പരിശീലിപ്പിച്ചാല്‍ എന്നും മികച്ച കൂട്ടുകാരനായി കൊണ്ടുനടക്കാം.
ചെക്ക്‌ വൂള്‍ഫ് ഡോഗ് , സെസ്കോ ശ്ലോവെന്‍സ്കി വ്ലാക്, സ്ലോവാക് വൂള്‍ഫ് ഡോഗ് , ചീന്‍ ലൂപ്‌ ചെക്ലോവാക് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി അഞ്ചു കിലോവരെ ഭാരവും വരാറുണ്ട്‌.
ഇവയെ വളര്‍ത്തുന്നവര്‍ വളരെ ശ്രദ്ധിക്കണം. അധികം കുരയ്ക്കാത്ത ഇവയെ കാവലിനായി വളര്‍ത്തുന്നത് നന്നല്ല. കുറയ്ക്കാതെ വന്നു കടിക്കുന്നത് ശീലമായതിനാല്‍ അതും ശ്രദ്ധിക്കുക. പരിശീലനം വളരെ പ്രയാസമുല്ലതായിരിക്കും. വളരെ പെട്ടെന്ന് മടുക്കുന്ന ശീലമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ച്‌ മാത്രമേ ഇവയെ പരിശീലിപ്പിക്കാനാവൂ.. കുട്ടികളായാലും മറ്റു മൃഗങ്ങള്‍ ആയാലും വീട്ടിലെ അംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ ഇവ സൌമ്യമായി പെരുമാരൂ.
അടിസ്ഥാനപരമായി വേട്ടക്കാരാന്‍ ആയതിനാല്‍ നായാട്ടിന്റെ കാര്യത്തില്‍ മികവ്‌ കാട്ടും. രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പക്ഷെ അപരിചിതര്‍ വളരെ സൂക്ഷിക്കെണ്ടിവരും.
പത്തുമുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

107.കര്‍ലി കോട്ടഡ് റിട്രീവര്‍ (Curly Coated Retreiver)

ബ്രിട്ടന്‍കാരനായ ഈ നായ കരുത്തും ബുദ്ധിശക്തിയുമുള്ളയിനമാണ്. ശരാശരി വലിപ്പമുള്ള ഇവ നല്ലൊരു നീന്തല്‍കാരനും ഉടമയോട് നല്ല കൂറ് കാട്ടുന്ന ഇനവുമാണ്. നല്ല ചുരുണ്ട രോമങ്ങള്‍ മുറിക്കേണ്ട കാര്യമില്ല. ഒപ്പം ഇവ വെള്ളത്തില്‍ നിന്നുകയറിയാല്‍ പെട്ടെന്ന് തന്നെ ഉണങ്ങുന്നവയുമാണ്.
മൃഗങ്ങളെയും പക്ഷികളെയും വായില്‍ പിടിച്ചു വെള്ളത്തിലൂടെ നീന്താന്‍ സമര്‍ത്ഥനായ ഇവ ഇതു പ്രയാസപ്പെട്ട കാലാവസ്ഥയിലും സാഹചര്യങ്ങളിലും ജീവിക്കാനും കഴിവുള്ളയിനമാണ്. അതുകൊണ്ട് തന്നെ ആസ്ട്രേലിയയിലും മറ്റും വളരെ പ്രയാസമുള്ളതും കഠിനമായ സാഹചര്യത്തിലും ഇവ നന്നായി ഇണങ്ങി വളരാറുണ്ട്. അതോടൊപ്പം ഉടമയുടെ സ്വഭാവത്തോട് വളരെ പെട്ടെന്ന് ചേര്‍ന്ന്പോകാനുള്ള കഴിവും ഇവയ്ക്കുണ്ട്.
ഗണ്‍ഡോഗ് ഇനത്തില്‍ പെട്ട ഇവയ്ക്കു ഇരുപത്തി ഏഴു ഇഞ്ച് വരെ ഉയരവും മുപ്പത്തിഒമ്പത് കിലോവരെ ഭാരവും സാധാരണഗതിയില്‍ ഉണ്ടാവാറുണ്ട്.
കാവലിനു മിച്ചച്ചയിനം ആണെങ്കിലും രക്ഷയ്ക്കായി ഇവയെ വളര്‍ത്താന്‍ കഴിയില്ല.ശരാശരി പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ഏഴു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

Tuesday, May 19, 2009

106.കൊടോന്‍ ഡേ ടുലീര്‍ (Coton De Tulear)

കുട്ടികളോടും പ്രായമുള്ളവരോടും വളരെ അടുപ്പം കാട്ടുന്ന ഈ ചെറിയയിനം നായ മഡഗാസ്കര്‍കാരനാണ്. ഇപ്പോഴും കളിച്ചു പ്രസരിപ്പോടെ നടക്കുന്ന ഈ ഇനത്തിനു വിപണിയില്‍ നല്ല വിലയുമുണ്ട്. വെള്ള നിറത്തിലും വെള്ളയില്‍ ചാര നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളിയോട് കൂടിയോ ചിലപ്പോള്‍ ചാരനിരത്തിലോ, കറുത്തനിറത്തിലോ ഇവ ലഭ്യമാണ്. അധികം രോമം പൊഴിയാത്ത ഇവ വട്ടം കറങ്ങി നടക്കാനും വാലില്‍ പിടിച്ചു കളിക്കാനും ഇഷ്ടമുള്ള പ്രകൃതക്കാരനാണ്. മഡഗാസ്കര്‍ സമ്പന്മാരുടെ ചിഹ്നമായിരുന്ന ഇവ ഇന്ന് സാധാരണക്കാരും ധാരാളം വളര്‍ത്തുന്ന ഇനമാണ്‌.

ഒരടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഏഴു കിലോയില്‍ താഴെമാത്രമേ ഭാരം വരൂ.

ഉടമയുടെ സന്തോഷത്തിനായി കോമാളി കളിക്കാനും തയ്യാറായ ഇവയെപ്പറ്റി ഉടമകള്‍ പരാതി പറയാന്‍ ഇടവരാറില്ല.വീട്ടിലെ മറ്റു മൃഗങ്ങളോടും വളരെ നന്നായി മാത്രമേ ഇവ പെരുമാറുകയുള്ളൂ.

അത്യാവശ്യം കുരയ്ക്കുന്ന ഇനമായതിനാല്‍ കാവലിനു ഇവയെ ഉപയോഗിക്കാമെങ്കിലും എല്ലാവരോടും വളരെ സൌഹാര്‍ദ്ധമായി ഇടപെടുന്നത്‌ കൊണ്ട് രക്ഷയ്ക്കായി ഉപയോഗിക്കാന്‍ കഴിയില്ല.

പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സ്‌ വരെ ശരാശരി ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.