Saturday, March 21, 2009

95.ചിനൂക് (Chinook)

ഈ അമേരിക്കകാരന്‍ നായ സ്ലെഡ്ജ് വലിക്കാനാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. അല്പം മടങ്ങിയ ചെവിയുള്ള ഇവ സൈബീരിയന്‍ ഹസ്കിയെക്കാളും അലാസ്കന്‍ മലമൂട്ടിനെക്കാളും ജോലി ചെയ്യാന്‍ സമര്‍ത്ഥന്‍ ആണ്. ഒപ്പം ദീര്‍ഘനേരം ജോലിചെയ്യാനും അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടാനും മിടുക്കന്‍ തന്നെ. ഇടത്തരം മുതല്‍ നല്ലവലിപ്പം വരെ ഉള്ള നായകള്‍ ഉണ്ട്. ചിലതിന്റെ രോമങ്ങള്‍ ഇടത്തരം ആണെങ്കില്‍ ചിലതിന്റെ നല്ല നീളമുള്ളതും ആവാം.വാലില്‍ നല്ല രോമങ്ങള്‍ കാണും. അല്പം പരന്ന പാദങ്ങളും ഇവയുടെ പ്രത്യേകത തന്നെ.

ഇരുപത്തി ഏഴു ഇഞ്ച് ഉയരം വരെ വയ്ക്കുന്ന ഇവയ്ക്കു നാല്പതു കിലോവരെ ഭാരം വയ്ക്കാം.

പൊതുവേ പ്രശ്നക്കാരന്‍ അല്ലാത്ത ഇനമാണ്. അപരിചിതരോട് അടുക്കാന്‍ പോവാറില്ലയെങ്കിലും അവരോടു പ്രശ്നത്തിനും പോകാറില്ല. കുട്ടികളോട് വളരെ നന്നായി പെരുമാറും.

കാവലിനു വെറും ശരാശരി മാത്രമായ ഈ ഇനം നായ രക്ഷയ്ക്കായി വളരെ മോശവുമാണ്.

അതുകൊണ്ട് തന്നെ ജോലി ചെയ്യിക്കാന്‍ മാത്രമാണ് ഇവയെ വളര്‍ത്തുക.പത്തു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഒമ്പത് വരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്.

94.ചൈനീസ് ഷേര്‍ പൈ (Chinese Shar Pei)

ചൈനീസ് ഫൈറ്റിംഗ് ഡോഗ് എന്നും പേരുള്ള ഈ നായ ഏറ്റവും അപൂര്‍വമായ നായയായി ഗിന്നസ് ബുക്ക് ഓഫ് റിക്കോഡ്സില്‍ വന്നിരുന്നു. ഉടമസ്ഥനോട് കൂറ് പുലര്‍ത്തുന്നതില്‍ സമര്‍ത്ഥനായ ഈയിനം സാധാരണ ഗതിയില്‍ ലഭ്യമല്ലാത്തതിനാല്‍ വന്‍വിലയേറിയ ബ്രീഡ്‌ കൂടിയാണ്.അല്പം വ്യസനവദനനായ ചുളിഞ്ഞ മുഖമുള്ള ഈ നായ ചിലപ്പോഴൊക്കെ മുന്‍ശുണ്ടികാരന്‍ ആയി പെരുമാറിയാലും വീട്ടുകാവലിനു മിടുക്കന്‍ തന്നെ. അതിഥികളോട് അത്ര നല്ല സമീപനം കാണിക്കണമെന്നില്ല

ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തി ഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.

വളരെ ചെറുപ്പത്തിലേ നല്ല പരിശീലനം കൊടുത്താല്‍ വീട്ടിലെ മറ്റു മൃഗങ്ങളോടും കുട്ടികളോടും നന്നായി പെരുമാറും.

കാവലിനും രക്ഷയ്ക്കും ഏറ്റവും മിടുക്കുള്ള ഇനങ്ങളില്‍ മുന്‍നിരക്കാരന്‍ ആണിവ.പക്ഷെ മിക്കപ്പോഴും സ്ഥിരം വരുന്ന അതിഥികളോട് അല്പം സൌഹാര്‍ദ്ധപരമായി പെരുമാറിയെന്നു വരാം.

ചൈനക്കാരനായ ഈ നായയുടെ ശരാശരി ആയുസ്സ് ഏഴു മുതല്‍ പന്ത്രണ്ടു വരെയാണ്. ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ആറു വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"നോണ്‍ സ്പോര്‍ട്ടിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Saturday, March 14, 2009

93.ചൈനീസ് ഫൂ ഡോഗ് (Chinese Foo Dog)

ചൈനയിലെ ഫൂ ചോ പട്ടണക്കാരനായ ഈ നായയുടെ പേര് ആ പട്ടണത്തിന്റെ പേരില്‍ നിന്ന് തന്നെയാണ് ലഭിച്ചതെന്നു കരുതുന്നു. തലയുടെ സിംഹവുമായുള്ള ചെറിയ സാമ്യം മൂലം സിംഹത്തലയന്‍ നായയെന്നും ഇവന് പേരുണ്ട്. എണ്ണത്തില്‍ വളരെ കുറവും കിട്ടാനുള്ള ദൌര്‍ലഭ്യവും കാരണം ഇവയെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യമുള്ള ശരീരവും അല്പം നീണ്ട എന്നാല്‍ അധികം മിനുസമില്ലാത്തതുമായ രോമവും ചെറിയ കൂര്‍ത്ത ചെവിയും അല്പം ചുരുണ്ട വാലും ഇവന്റെ പ്രത്യേകതയാണ്.

ചൈനീസ് ചെന്നായയോടും ചൈനീസ് ചോ ചോ എന്നാ നായയോടും ഇതിനു വിദൂരബന്ധമുണ്ടെന്ന് കരുതുന്നു.രക്ഷയ്ക്കോ സ്ലെട്ജ് വലിക്കാനോ മൃഗസംരക്ഷണത്തിനോ ഉപയോഗിക്കാവുന്ന ഈയിനംജോലി ചെയ്യാന്‍ വളരെ ഇഷ്ടമുള്ള നായയാണ്‌.

ഹാപ്പിനസ് ഡോഗ്,സെലസ്തിയല്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.

മൂന്നു വലിപ്പത്തിലുള്ള ഇനങ്ങള്‍ ലഭ്യമാണ്. പത്തിഞ്ചില്‍ താഴെ ഉയരമുള്ള ടോയി,പത്തു മുതല്‍ പതിനഞ്ച് വരെ ഇഞ്ച് ഉയരമുള്ള മിനിയേച്ചര്‍ പതിനഞ്ച് ഇഞ്ചിന് മേല്‍ ഉയരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഇനവും ലഭ്യമാണ്. ഭാരം യഥാക്രമം ഒമ്പത് കിലോ വരെ,ഒമ്പത് കിലോ മുതല്‍ ഇരുപത്തിരണ്ടു കിലോ വരെ, ഇരുപത്തി രണ്ടില്‍ കൂടുതല്‍ എന്നിങ്ങനെ ടോയി,മിനിയേച്ചര്‍,സ്റ്റാന്‍ഡേര്‍ഡ് ഇനങ്ങള്‍ക്ക് ഉണ്ടായിരിക്കും.

കാവലിനും രക്ഷയ്ക്കും അതീവ സമര്‍ത്ഥന്‍ ആയ ഇവ രക്ഷയ്ക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഇനമാണ്.ഇവയുടെ അടിസ്ഥാന സ്വഭാവും തന്റെ കാവലില്‍ ഇരിക്കുന്ന സ്ഥലത്തിന്റെയും മൃഗങ്ങളുടെയും രക്ഷ ചെയ്യുക എന്നതാണ്.ഇവയുടെ ഫൂ എന്നാ പേര് ചൈനയില്‍ ബുദ്ധന്‍ എന്നര്‍ത്ഥം വരുന്നതുകൊണ്ട്‌ ബുദ്ധമതക്കാരും ഈയിനം നായയ്ക്ക്‌ ബഹുമാനം കൊടുക്കുന്നു.

92.ചൈനീസ് ക്രെസ്റ്റെഡ് (Chinese Crested)

കുസൃതിക്കാരനായ ഈ നായ കുട്ടികളോടും ഉടമയോടും കളിക്കാന്‍ വളരെ ഇഷ്ടപ്പെടുന്ന സ്നേഹമുള്ള ഇനമാണ്.നീളമുള്ള രോമമുള്ളതും രോമമില്ലാതതുമായ ഇനമുണ്ടെങ്കിലും ഇവയുടെ സങ്കരമായ അതായത് തലയിലും വാലിലും മാത്രം രോമമുള്ളതുമായ നായകളും വളരെ പ്രചാരം നേടിയിട്ടുണ്ട്.ഭക്ഷണത്തിനു അല്പം ആക്രാന്തം കാണിക്കുന്ന ഇവ ഉടമകളെ കെട്ടിപ്പിടിച്ചു തൂങ്ങിക്കിടക്കുന്ന പ്രത്യേകതയിലൂടെ വളരെ പ്രശസ്തനാണ്.വീട്ടിലെ നായകളെയും മറ്റുജന്തുക്കളെയും വളരെ സൌഹൃദപരമായി കൂടെ കൂട്ടുന്ന ഇവ താരതമ്യേന പ്രശ്നക്കാരന്‍ അല്ല.

ചൈനീസ് ഹെയര്‍ലെസ്,ചൈനീസ് എഡിബിള്‍ ഡോഗ്,ചൈനീസ് ഷിപ്പ് ഡോഗ്,ചൈനീസ് റോയല്‍ ഹെയര്‍ലെസ്,ഈജിപ്തില്‍ പിരമിഡ് ഹെയര്‍ലെസ്,ഗിസ ഹെയര്‍ലെസ്,ആഫ്രിക്കയില്‍ സൌത്ത് ആഫ്രിക്കന്‍ ഹെയര്‍ലെസ് ,തുര്‍ക്കിയില്‍ തുര്‍ക്കിഷ് ഹെയര്‍ലെസ് എന്നും ഇവയ്ക്കു പേരുണ്ട്.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ആറ് കിലോ വരെ ഭാരവും ഉണ്ടാവുണ്ട്.

എല്ലാവരോടും വളരെ സൌഹൃദമായി ഇടപെടുന്ന ഗുണമുണ്ടെങ്കിലും ഇതേ സ്വഭാവത്താല്‍ കാവലിനോ രക്ഷയ്ക്കോ ഇവയെ വളര്‍ത്താന്‍ കഴിയില്ല.

വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.

പത്തു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Sunday, March 8, 2009

91.ചിഹ്വാഹ (Chihuahua)

ലോകത്തിലെ ഏറ്റവും ചെറിയ നായയിനമായ ഇവ മെക്സിക്കോക്കാരന്‍ ആണ്.ഇതേ പേരിലുള്ള സ്റ്റേറ്റും അവിടെയുണ്ട്. നീളമുള്ള രോമമുള്ളതും അത്രനീളമുള്ള രോമമില്ലാത്തതുമായ രണ്ടിനം ആണ് പൊതുവേ കാണുന്നത്. നേരത്തെ പരസ്പരം സങ്കരയിനത്തിനു വേണ്ടി പ്രജനനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല.

തീരെ ചെറിയ ഈ നായയെ പണ്ട് കാലത്ത് മെക്സിക്കോയില്‍ ഭക്ഷണത്തിനായും വളര്‍ത്തിയിരുന്നു. പക്ഷെ പിന്നീട് ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പതിവ് നിര്‍ത്തിയെങ്കിലും ഇന്നും മെക്സിക്കോയില്‍ ചിലര്‍ ഭക്ഷണത്തിനായി വളര്‍ത്തുന്നു.

ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മൂന്നു കിലോയില്‍ താഴെ മാത്രമേ ഭാരം വയ്ക്കൂ.

ചെറുപ്പത്തിലേ ഇവയെ നന്നായി പെരുമാറാന്‍ പഠിപ്പിക്കണം.കാരണം ദേഷ്യക്കാരനായി വളര്‍ന്നാല്‍ മറ്റു ജന്തുക്കളില്‍ നിന്ന് ഇവയ്ക്കു അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

നന്നായി കുരയ്ക്കുന്ന ഇവ കാവലിനു വേണമെങ്കില്‍ ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനമല്ല.

അധികം വ്യായാമം കൊടുക്കേണ്ട ഇനമല്ല ഇവ.അതുപോലെ വളരെ വേഗം എല്ലുകള്‍ ഒക്കെ ഒടിഞ്ഞു പോകാമെന്നുള്ളതുകൊണ്ട് സൂക്ഷിക്കണം.ആവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിച്ചാല്‍ മതിയാവും.

പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ ഒന്ന് മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Wednesday, March 4, 2009

90.ചെസപീക് ബേ റിട്രീവര്‍ (Chesapeake Bay Retriever)

താറാവ് വളര്‍ത്തുകാരുടെ പ്രിയപ്പെട്ടയിനമായ ഇവ മണിക്കൂറുകളോളം വെള്ളത്തില്‍ നീന്താന്‍ കഴിവും ഇഷ്ടവും ഉള്ളയിനമാണ്.പരന്ന കാല്‍പാദങ്ങള്‍ ഇവയെ നീന്താന്‍ സഹായിക്കുന്നു. കൂട്ടത്തിലെ ഓരോ താറാവിനേയും മറക്കാതെ എണ്ണം തെറ്റാതെ കൂട്ടത്തില്‍ തിരിച്ചെത്തിക്കാന്‍ ഇവ മിടുക്കനാണ്.ചെമ്പന്‍ കണ്ണും ആരോഗ്യമുള്ള ശരീരവും ഇവന്റെ പ്രത്യേകതയാണ്.വീട്ടുകാരോടും പ്രത്യേകിച്ച് ഉടമയോടും വളരെ വിശ്വസ്തനും സ്നേഹമുള്ളവനുമായ ഈ നായ അപരിചിതരോട് അല്പം അകല്‍ച്ചകാട്ടുകയും ചെയ്യും. അധികം അപരിചിതര്‍ ഇവയുടെ അടുത്ത്‌ പോകാത്തതാവും നല്ലത്.

ചെസ്സി,ചെസപീക് ബേ ഡക്ക് റിട്രീവര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി ഏഴ് കിലോവരെ ഭാരവും വയ്ക്കും.

കാവലിന് സമര്‍ത്ഥന്‍. ഇവ രക്ഷയ്ക്കും അതേപോലെ കഴിവുള്ളവന്‍ തന്നെ.

വീട്ടിലെ മറ്റു മൃഗങ്ങളെയും അടക്കി ഭരിക്കാന്‍ താല്പര്യം കാട്ടുമെങ്കിലും അവരോടൊത്ത് പോകാന്‍ താല്പര്യം കാട്ടും.വെള്ളത്തില്‍ എറിയുന്ന എന്തും എടുത്തുകൊണ്ടു വരുന്ന ഇവ ഇപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവയാണ്.അതുകൊണ്ട് തന്നെ ഫ്ലാറ്റ്കളിലോ നഗരങ്ങളിലോ താമസിക്കുന്നവര്‍ ഇവയെ ഒഴിവാക്കുക.ഗ്രാമത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയുന്നിടത്ത് മാത്രമേ ഈ നായ ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുകയുള്ളൂ.

പതിമൂന്നു വയസ്സ് വരെ ആയുസ്സുള്ള ഈ അമരിക്കന്‍ നായയുടെ ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

89.സെസ്കി ടെറിയര്‍ (Cesky Terrier )

കുറിയ കാലുള്ള ഈ മിടുക്കന്‍ നായയുടെ മടങ്ങിയ ചെവിയും നീണ്ട മുഖവും മുഖത്തെ രോമമവും പ്രത്യേകതയുള്ളതാണ്.ഇവയുടെ നീളമുള്ള രോമം വളരുന്തോറും നിറം മാരുന്നവയാണ്.ഇവയുടെ ജീനിലെ പ്രത്യേകതമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്‌.സാധാരണ ടെറിയര്‍ നായകളെ പോലെ അധികം പിടിവാശിക്കാരന്‍ അല്ലാത്ത ഇവ എതുപ്രായത്തിലുള്ള ആളുകളോടും മറ്റു ജന്തുക്കളോടും നന്നായി പെരുമാറും.

ചില നായകളുടെ രോമം ചുരുണ്ടാതാണെങ്കിലും എല്ലാത്തിന്റെയും അങ്ങനെ ആവണമെന്നില്ല.പക്ഷെ പ്രായം കൂടുന്നതിനനുസരിച്ച് രോമത്തിന്റെ നിറം മാറുമെന്നു മാത്രം.

ചെക്ക് ടെറിയര്‍ എന്നും ബൊഹെമിയന്‍ ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.

പതിനാലു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനൊന്നു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.

പൊതുവേ തീരെ ചെറിയ ജീവികളെയും കൃമികളെയും പിടിക്കാന്‍ താല്പര്യം കാണിക്കുന്ന ഇവ അല്പം വലിയ ജീവികളോടും മറ്റു നായകളോടും സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.

കാവലിന് മിടുക്കനായ ഇവന്‍ പക്ഷെ എല്ലാവരും സ്നേഹത്തോടെ പെരുമാരൂ എന്നുള്ളതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല.

പതിനാലു വര്‍ഷം വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

ചെക്ക് റിപബ്ലിക്‌കാരനായ ഇവനെ പൊതുവേ യൂറോപ്പില്‍ മിക്കവാറും രാജ്യങ്ങളില്‍ വളര്‍ത്തുന്നു.

Sunday, March 1, 2009

88.സെന്‍ട്രല്‍ ഏഷ്യന്‍ ഷേപ്പേട് ഡോഗ് (Central Asian Shepherd Dog)

മാസ്റ്റിഫ് ഇനത്തില്‍ പെട്ട ഈ വലിയ നായ പൊതുവേ ധൈര്യശാലിയും ഉടമയുടെ പ്രീയപ്പെട്ടവയും ആണ്.താന്‍ സംരക്ഷിക്കുന്ന ആട്ടിന്‍പറ്റത്തിനെയോ, പശുക്കളെയോ മറ്റു മൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന ഇവ എതിരാളി എത്ര വലിയവന്‍ ആണെങ്കിലും പിന്മാറില്ല.പഴയ സോവിയറ്റ് യൂണിയന്‍കാരനായ ഈ നായ നായ പോരിനും പെരുകേട്ടവ തന്നെ.ഉടമയുടെ വിശ്വസ്തനായ ഈ ഇനം വീട്ടുകാവലിനും പെരുകേട്ടവ തന്നെ.

തുര്‍ക്ക്മാന്‍ അലാബി, മിഡ് ഏഷ്യന്‍ ഷേപ്പേട്,ഏഷ്യാട്ടിക് മാസ്റ്റിഫ്, മിഡ് ഏഷ്യന്‍ ഒവ്ചെര്‍ക്ക എന്നും അറിയപ്പെടുന്നു.

മുപ്പത്തിരണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ എണ്‍പതു കിലോവരെ ഭാരവും വയ്ക്കുന്ന ഇനമാണ്.

കാവലിനു സമര്‍ത്ഥന്‍ ആയ ഇവ രക്ഷയ്ക്ക് അതീവ സമര്‍ത്ഥന്‍ തന്നെ.അപരിചിതരോ ആക്രമണകാരികളോ വന്നുപെട്ടാല്‍ അവരെ എന്ത് വിലകൊടുത്തും ആക്രമിച്ചു കീഴ്പെടുത്തും ഇവ.വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ഇനമല്ല ഇത്.വീട്ടിലെ കുട്ടികളോട് നന്നായി പെരുമാറുന്ന ഇവ മറ്റുകുട്ടികളോട് ചിലപ്പോഴൊക്കെ മോശമായി പെരുമാറുന്ന ഇനമായതിനാല്‍ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും.

പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"വര്‍ക്കിംഗ്"ക്ലാസിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

87.കവാപൂ (Cavapoo)

ഇതും ഒരു സങ്കരയിനമാണ്. പുതിയ തലമുറയിലെ ഹൈബ്രിഡ് സങ്കരയിനം.കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പനിയേല്‍,പൂഡില്‍ തുടങ്ങിയവുടെ സങ്കരയിനമായ മിക്ക കേന്നേല്‍ ക്ലബുകളും അംഗീകരിച്ചില്ലയെങ്കിലും നല്ല വില്പനയുള്ള ഇനം തന്നെ.

കവദൂഡില്‍ എന്നും കവൂഡില്‍ എന്നും ഇവയ്ക്കു പേരുണ്ട്.

86.കവലിയര്‍ കിംഗ്സ് ചാള്‍സ് സ്പാനിയെല്‍സ് (Cavalier Kings Charles Spaniels)

താരതമ്യേന ചെറിയയിനം നായയായ ഇവയുടെ അല്പം നീണ്ട മൂക്ക് കാരണം കിംഗ്സ് ചാള്‍സ് സ്പനിയെല്‍സ് ഇനത്തില്‍ നിന്നും അല്പം വെത്യാസം ഉണ്ട്.ഇംഗ്ലണ്ട് കാരനായ ഇവന്‍ പൊതുവേ ശല്യക്കാരന്‍ അല്ല.

എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഇവന്‍ പ്രായമായവരോടും കുട്ടികളോടും കളിക്കാന്‍ ഇഷ്ടപ്പെടുന്നവനും ഒപ്പം അനുസരണയോടും ഇടപെടുന്നവനുമാണ്. ചിലലോരോക്കെ ഇവയുടെ വാല്‍ മുറിക്കുമെങ്കിലും മുറിച്ചില്ലെങ്കിലും ഭംഗിയുണ്ട്.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം ഒമ്പത് കിലോവരെ വരാം.

കാവലിനു ശരാശരിയില്‍ താഴെയായ ഇവ രക്ഷയ്ക്കായി ഒട്ടും തന്നെ ഉപയോഗിക്കാവുന്ന ഇനമല്ല.

ഇവയുടെ രോമം ഇടയ്ക്കിടെ വൃത്തിയാക്കണം.അതേപോലെ ചെവിയും.നല്ല ബ്രഷ് കൊണ്ട് രോമം ചീകി കൊടുക്കന്നത്‌ നന്നായിരിക്കും. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിക്കുക.

പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുട്ടികള്‍ വരെയുണ്ടാവും.

"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .