Wednesday, April 29, 2009

105.കോളി (Collie)

ബ്രിട്ടനിലെ സ്കോട്ട്ലാന്‍ഡ്‌ കാരനായ ഈ നായ കാഴ്ചയില്‍ വളരെ സുന്ദരനാണ്.സ്കോട്ടിഷ് കോളിയെന്നും അറിയപ്പെടുന്ന ഇവയുടെ മിനുസമുള്ളതും അല്പം പരുക്കനായതുമായ രോമത്തോട് കൂടിയ ഇനങ്ങള്‍ ലഭ്യമാണ്. എങ്കിലും പരുക്കനായ രോമത്തോടുകൂടിയ കൊളികള്‍ പൊതുവേ ചുറുചുറുക്ക് കൂടിയ ഇനമായതിനാല്‍ കൂടുതല്‍ ആളുകളും മിനുസരോമക്കാരനെക്കാള്‍ കൂടുതല്‍ പരുക്കന്‍ രോമത്തോട് കൂടിയ കോളിയെ ആണ് വാങ്ങാന്‍ താല്പര്യം കാട്ടാറ്‌.ഉടമയോട് വലിയ വിശ്വസ്തനായ ഇവ വീട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാന്‍ വളരെ ഇഷ്ടമുള്ളയിനമാണ്. ഇടത്തരം വലിപ്പമുള്ള ഇവയുടെ മുഖം അല്പം കൂര്‍ത്തു നീളമുള്ളതാണ്.

ഇരുപത്തിആറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി ഏഴു കിലോവരെ ഭാരവും വയ്ക്കും.

ആടിനെയും മറ്റും മേച്ചു നടക്കാന്‍ കഴിവുള്ള ഇവ വീട്ടിലെ മറ്റു മൃഗങ്ങളുമായി നന്നായി പെരുമാറാന്‍ മിടുക്കനാണ്.

കാവലിനു വളരെ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കും ശാരാശരി മികവ്‌ പുലര്‍ത്തുന്ന ഇനമാണ്.

ഫ്ലാറ്റുകളില്‍ വളര്‍ത്താവുന്ന ഇനമല്ല ഇത്. ഇതിന്റെ രോമം ഇടയ്ക്ക് ചീകി കൊടുക്കുന്നത് നന്നായിരിക്കും.

എട്ടുമുതല്‍ പത്തു വയസ്സ്‌ വരെ ശരാശരി ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ ആറുമുതല്‍ പത്തുമുതല്‍ കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"ഹെര്‍ഡിംഗ്" ഗ്രൂപ്പിലാണ് ഈ സ്കോട്ട്ലാന്‍ഡ്‌കാരന്‍ നായയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

104.കോക്കര്‍ സ്പാനിയേല്‍ (Cocker Spaniel)

ശരാശരിയില്‍ താഴെ വലിപ്പമുള്ള ഈ നായയുടെ ചെവി നീണ്ടു മടങ്ങിയതും മുറിച്ച വാലും മാത്രമല്ല ഉറപ്പുള്ള ശരീരവും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ പുറം രോമങ്ങള്‍ നല്ല നീളമുള്ളതും മിനുസമേറിയതും അടിയിലെ രോമങ്ങള്‍ ഇടതൂര്‍ന്നതും ആണ്. പലനിറത്തിലുള്ള കോക്കറുകള്‍ ഉണ്ട് നെഞ്ചത്തും കഴുത്തിലും വെള്ളനിറമുള്ള കോക്കറുകളും ധാരാളമുണ്ട്.ചെറിയ അസുഖങ്ങള്‍ ഒക്കെയുണ്ടെങ്കിലും കളിക്കാനും ഒപ്പം കൂടാനും ചെറിയ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഇവ മിടുക്കരാണ്.നല്ല ബുദ്ധിയുള്ളയിനമായ ഇവ കുട്ടികളോടും പ്രായമുള്ളവരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.

പതിനഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന കോക്കര്‍ സ്പാനിയേല്‍ പതിമൂന്നു കിലോവരെ ഭാരം വരുന്നയിനമാണ്.

ഏതു തരത്തിലുള്ള വാസസ്ഥലത്തോടും പൊരുത്തപ്പെടുന്ന ഇവ അല്പം വ്യായാമം ആവശ്യമുള്ള ഇനമാണ്. ചെറുപ്പത്തിലേ വീട്ടിലുള്ള മറ്റു മൃഗങ്ങളുമായി ഇടകലര്‍ത്തി പരിചയപ്പെടുത്തി വളര്‍ത്തുന്നത് നല്ലതാണ്.

കാവലിനു മിടുക്കനായ ഇവ രക്ഷയ്ക്ക് അത്ര പറ്റിയ ഇനമല്ല.

പലതരത്തിലുള്ള അസുഖങ്ങള്‍ ജന്മനാ വരാന്‍ സാധ്യതയുള്ള ഇതിനെ വളര്‍ത്തുന്നവര്‍ അത് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

പത്തുമുതല്‍ പതിനാലു വയസ്സ്‌ വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

103.കോക്കാപ്പൂ (Cockapoo)

കോക്കര്‍ സ്പ്പാനിയേല്‍, മിനിയേച്ചര്‍ പൂഡില്‍ എന്നിവയുടെ സങ്കരയിനമാണ് കോക്കാപ്പൂ.

ആരോഗ്യവാനും സ്നേഹമുള്ളതും ഭംഗിയുള്ളതുമായ ഈയിനത്തെ ഒരു പ്രധാന കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ടോയി ഇനത്തില്‍ പെട്ടവ ആറ് കിലോയില്‍ താഴെയും മിനിയേച്ചര്‍ ഇനം എട്ടു കിലോവരെയും മാക്സി ഇനം ഒമ്പത് കിലോയില്‍ കൂടുതലും എന്നാല്‍ ഏറ്റവും പ്രിയങ്കരമായ ടീകപ്പ് ടോയി മൂന്നു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.

എല്ലാവരോടും നന്നായി ഇടപെടുന്ന ഇവയെ കാവലിനു ശരാശരി ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല.

പതിനാലു മുതല്‍ പതിനെട്ടു വയസ്സുള്ള ഈ അമേരിക്കന്‍ ഇനത്തിന്റെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

Tuesday, April 21, 2009

102.കോക്ക ബിഷോന്‍

ഇത് കോക്കര്‍ സ്പാനിയേല്‍, ബിഷോന്‍ ഫ്രീസ് എന്നിവയുടെ സങ്കരയിനമാണ്. കോക്ക ചൊന്‍ എന്ന് പേരുള്ള ഇവയും നല്ല ഡിമാണ്ട് ഉള്ള ഇനമാണെങ്കിലും ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.

101.കൊക്കൈലെര്‍ (Cockailer)

ഇത് കവാലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേല്‍, കോക്കര്‍ സ്പാനിയേല്‍ എന്നിവയുടെ സങ്കരയിനമാണ്. കിംഗ്‌ കോക്കര്‍ എന്നും പേരുള്ള ഇവയെ അമേരിക്കന്‍ കാനൈന്‍ ഹൈബ്രിഡ് ക്ലബ് ഒഴികെ ഒരു ഇന്റര്‍നാഷനല്‍ കെന്നല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ നല്ല ഡിമാന്ടും വിലയുമുണ്ട്.

ഇവയ്ക്കു പതിമൂന്നുകിലോ വരെ ഭാരം വക്കാറുണ്ട്.

Saturday, April 18, 2009

100.ക്ലമ്പര്‍ സ്പാനിയേല്‍ (Clumber Spaniel) (നൂറാമത്തെ പട്ടി)

സ്പാനിയേല്‍ ഇനത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായയാണ്‌. സൈന്റ്.ബര്‍നാഡിനോട് സാദൃശ്യമുള്ള ഈ കുറിയകാലുള്ള നായയുടെ തല നല്ല വലിപ്പമുള്ളതാണ്. അല്പം മടിയനാണെങ്കിലും വേട്ടയ്ക്ക് കൊണ്ടുപോയാല്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തയിനമാണ്. പ്രായമുള്ളവരോടും കുട്ടികളോടും വളരെ നന്നായി ഇടപഴകാനുള്ള ഇവന്റെ സ്വഭാവം പേര് കേട്ടതാണ്. ഒടിഞ്ഞു തൂങ്ങിയ നീണ്ട ചെവിയും അതിന്റെ അഗ്രത്തെ ചെമ്പന്‍ നിറവും ഇവന്റെ പ്രത്യേകതയാണ്.ചിലപ്പോഴൊക്കെ അധികം ആളുകളോട് ഇടപെടാതെ മാറിനില്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലും പ്രശ്നക്കാരന്‍ അല്ല.

ഇരുപത് ഇഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഒമ്പത് കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.

ഉടമയോട് വിശ്വസ്തനായ ഈ ഇനം വേട്ടക്കാരന്‍ വെടിവേച്ചിടുന്ന ഇരകളെ എടുത്തുകൊണ്ടു വരാനും, തന്നാലാവും വിധമുള്ള മൃഗങ്ങളെ പിടിക്കാനും കുട്ടികളോട് കൂടി കളിക്കാനും ഒക്കെ ഇഷ്ടം കാണിക്കുന്ന ഇനമാണ്. വളരെ നേരം ആരും ശ്രദ്ധിക്കാതെ വീട്ടില്‍ ഇട്ടാല്‍ ശല്യം ചെയ്യാനും കൈയില്‍ കിട്ടുന്നത് കടിച്ചു കീറാനും ഉള്ള ഒരു സ്വഭാവവും കാട്ടാറുണ്ട്‌.

പൊതുവേ ഭക്ഷണപ്രിയനായ ഇവ വയറു നിറച്ചു ഉറങ്ങി കൊണ്ടിരിക്കുന്ന സ്വഭാവം ശ്രദ്ധിക്കുക. കാരണം അമിതവണ്ണം പിന്നീട് ഇവയെ മടിയനാക്കാറുണ്ട്.

ശരാശരി പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ എട്ടുമുതല്‍ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

ഫ്രാന്‍സിലും ബ്രിട്ടനിലും പൂര്‍വികന്‍മാരുള്ള ഇവയെ "ഗണ്‍ഡോഗ് " ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.

Monday, April 13, 2009

99.സിര്‍നെകോ ഡെല്‍ എട്നാ (Cirneco dell'Etna)

ഇറ്റലിയിലെ സിസിലിക്കാരനായ ഈ നായ പൊതുവേ അധികം വണ്ണം വയ്ക്കാത്ത നീണ്ടു കൂര്‍ത്ത ചെവിയോടും നീളം കുറഞ്ഞ മിനുക്കമുള്ള രോമത്തോടും കൂടിയ ഇനമാണ്. പൊതുവേ വീട്ടിനുള്ളില്‍ കഴിയാന്‍ ഇഷ്ടമില്ലാത്ത ഇവ വീടിനുവെളിയില്‍ കാവല്‍ കിടക്കാന്‍ വളരെ ഇഷ്ടമുള്ള നായയാണ്‌.

വീട്ടിലെ കുട്ടികളോടോ മൃഗങ്ങളോടോ ചങ്ങാത്തം കൂടാത്ത പ്രധാനമായും വേട്ടനായ ആണ്. ചെറിയ മൃഗങ്ങള്‍, പക്ഷികള്‍ മുതലായവയെ അവയുടെ താവളത്തില്‍ ചെന്ന് വേട്ടയാടാന്‍ മിടുക്കനാണ്. അതും ശബ്ദമുണ്ടാക്കാതെ പതുങ്ങി ചെന്ന് പിടിക്കാനുള്ള ഇവയുടെ കഴിവ് ശ്ലാഘനീയം തന്നെ.

സിര്‍നെകോ, സിസിലിയന്‍ ഹൗണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു പതിനാലു കിലോ വരെ ഭാരവും വയ്ക്കും.

മിക്കവാറും നായകള്‍ ചെമ്പന്‍ നിറമാണ് എങ്കിലും വെള്ള നായകളും അപൂര്‍വമല്ല.അധികം കുരയ്ക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യില്ലെങ്കിലും ആരോടും അടുക്കാനും പോകാറില്ലാത്ത ഇവ കാവലിനു നല്ലയിനമാണ് എങ്കിലും രക്ഷയ്ക്ക് തീരെ മോശമാണ്.ശബ്ദമുണ്ടാക്കാതെ വേട്ടയാടുന്ന സ്വഭാവം ചെലപ്പോള്‍ ഒരാളെ ശബ്ദമുണ്ടാക്കാതെ ചെന്ന് കടിക്കുമ്പോഴും കാണിക്കും.ഇവയെ പരിശീലിപ്പിക്കുക വളരെ പ്രയാസമാണ്. പക്ഷെ പഠിപ്പിച്ചാലും ഇല്ലെങ്കിലും കാവല്‍ ജോലി സ്വയം ചെയ്തോളും.

ഇക്കാലത്ത് മിക്കവാറും ഇതിനെ വീട്ടില്‍ വളര്‍ത്തുന്നത് വേട്ടയ്ക്കല്ലെങ്കിലും വേട്ടയാടുന്ന സ്വഭാവം അവസരം കിട്ടിയാല്‍ ഇവ കാണിക്കും.

ശരാശരി പതിനാലു വയസ്സാണ് ഇവയുടെ ആയുസ്സ്.

Sunday, April 12, 2009

98.ചോ ചോ (Chow Chow)

ചൈനക്കാരനായ ഈ സ്പിറ്റ്സ് ഇനത്തില്‍ പെട്ട നായ കാഴ്ചയില്‍ ഒരു കരടിയെപ്പോലെയിരിക്കും. പൊതുവേ അത്ര സൌമ്യനല്ലയെന്ന പേര് ദോഷം വാസ്തവമില്ലാത്തതല്ല. സ്വന്തം വീട്ടുകരോടല്ലാതെ എല്ലാവരും പരുക്കനായി പെരുമാറുന്ന ഇവന്‍ കടിക്കാനും പിന്നിലല്ല. ഈ ദോഷം ചെറുപ്പത്തിലെ പരിശീലനത്തിലൂടെ മാറ്റിയെടുക്കന്നതാണ് നല്ലത്. കരിനാക്കനായ ഈ നായയുടെ ചെറിയ ചെവിയും വായടയ്ക്കുമ്പോള്‍ ദേഷ്യക്കാരന്‍ എന്ന് വിളിച്ചോതുന്ന മുഖവും നീളമേറിയ രോമങ്ങളും ആകര്‍ഷകം തന്നെ.ചൂടും ഈര്‍പ്പവുമുള്ള ട്രോപിക്കല്‍ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത ഈ നായ മിക്കപോഴും അത്തരം കാലാവസ്ഥയില്‍ ചത്തുപോകുക പതിവാണ്.

ഹീ- ഷെ- ടോ‌, ലാന്‍ഗ് കൌ , ഹ്യുസിന്‍ കൌ, ക്വന്റ്ങ്ങ് കൌ, എന്നും ഇവന് പേരുണ്ട്.

ഇരുപത്തി രണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിനാല് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.

പൊതുവേ ദേഷ്യക്കാരനായ ഈയിനം മറ്റുനായകളെയും പൂച്ചകളെയും മാത്രമല്ല ഒരു മൃഗത്തോടും നന്നായി പെരുമാറിയെന്ന് വരില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ മറ്റു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വളരെ സൂക്ഷിക്കണം. വീട്ടില്‍ തന്നെ ഏറ്റവും അടുപ്പം കാട്ടുന്നവരോടും ചിലപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് വരും.

രക്ഷയ്ക്ക് ഏറ്റവും മികച്ച ഇനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പണ്ട് കാലത്ത് ചൈനയിലെ ക്ഷേത്രങ്ങളിലെ രക്ഷയായിരുന്നു ഇവയുടെ പ്രധാന ജോലി. ഇവയുടെ ഭക്ഷണത്തിന്റെ അടുത്ത്‌ ചെല്ലുന്നത് മിക്കപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും. തന്നെ കൂടിന്റെയോ , ഭക്ഷണത്തിന്റെയോ അടുത്ത്‌ ആരും വരുന്നത് ഇവയ്ക്കു ഇഷ്ടമല്ല.ഇവയെ വേട്ടയ്ക്കും ഉപയോഗിക്കാം.

പൊതുവേ ഗ്രാമപ്രദേശങ്ങള്‍ക്ക് യോജിച്ച ഈയിനം നായ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. പരിചയസമ്പന്നനായ ഒരാള്‍ ഇവയെ വളര്‍ത്തുന്നതാണ് നല്ലത്. ആദ്യമായി നായയെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാക്കിയില്ലെങ്കില്‍ പിന്നീട് വളരെ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

എട്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

Saturday, April 11, 2009

97.ചിപൂ (Chi Poo)

വാപൂ എന്നും പേരുള്ള ഈ നായ പൂഡിലിന്റെയും ചിഹ്വാഹയുടെയും സങ്കരയിനം ആണ്. ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ലെങ്കിലും വളരെ ജനപ്രിയ ഇനമാണ്. രോമം അധിയം പൊഴിയാത്തതും ഇതിന്റെ ജനപ്രിയമാക്കുവാന്‍ കാരണമാണ്.

Thursday, April 9, 2009

96.ചിവീനി (Chiweenie)

ചിഹ്വാഹയുടെയും ഡാഷ്ഹണ്ടിന്റെയും സങ്കരയിനമായ ഇവയെ ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. പക്ഷെ വിപണിയില്‍ സുലഭമായ ഇവ മിനിയേച്ചര്‍ വലിപ്പത്തിലും സ്റ്റാന്‍ഡേര്‍ഡ് വലിപ്പത്തിലും ലഭിക്കും. കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇവയെ പൊതുവേ നായവളര്‍ത്തുകാര്‍ക്ക് ഇഷ്ടമാണ്.

ഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അഞ്ചു കിലോയില്‍ താഴെമാത്രമേ ഭാരം വയ്ക്കൂ. ചിഹ്വാഹ നന്നായി പരിശീലനം ഇഷ്ടപ്പെടുന്നതും അനുസരിക്കുന്നതും ആണെങ്കിലും ഡാഷ് ശരാശരി മാത്രമായതിനാല്‍ ചിവീനി എങ്ങനെയെന്നു പ്രവചിക്കാനാവില്ല. പക്ഷെ പൊതുവില്‍ നന്നായി ട്രെയിനിംഗ് കൊടുക്കാന്‍ കഴിയുന്ന ഇനമാണ്.

നീണ്ട ചെവി ഇവയുടെ പ്രത്യേകതയാണ്.