Saturday, February 28, 2009

85.കാവചോന്‍ (Cavachon)

ഇതൊരു ഹൈബ്രിഡ് സങ്കരയിനമാണ്.കവലിയര്‍ കിംഗ്‌ ചാള്‍സ് സ്പാനിയേല്‍,ബിഷോന്‍ ഫ്രീസ് എന്നീ ഇനങ്ങളുടെ സങ്കരം.കവലിയര്‍ ഇനം പോലെ സ്നേഹമുള്ളവനും അതോടൊപ്പം ബിഷോനെ പോലെ മിടുക്കനുമാണ്.പക്ഷെ ഇവയെ മിക്ക കെന്നല്‍ ക്ലെബും അംഗീകരിച്ചിട്ടില്ല.പക്ഷെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വളരെ പ്രചാരമുള്ള ഇനമാണ്.

കാവഷോന്‍ എന്നും പേരുണ്ട്.

പതിനാലു ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്കു പന്ത്രണ്ടു കിലോ വരെ ഭാരം വയ്ക്കാറുണ്ട്.

കുട്ടികളോട് വലിയ കാര്യമുള്ള ഇവ അവരുടെ കൂടെ എത്രനേരം വേണമെങ്കിലും കളിച്ചു കൊണ്ട് നില്‍ക്കും.ആളുകളോട് സ്നേഹമുള്ള ഇനമായതിനാല്‍ രക്ഷയ്ക്കോ കാവലിനോ ഇവയെ വളര്‍ത്താനാവില്ല.

84.കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക (Caucasian Ovtcharka)

കൊക്കേഷ്യന്‍ ഒവ്ചെര്‍ക്ക റഷ്യക്കാരന്‍ ആണ് ഈ ഇനം എങ്കിലും പോളണ്ട്,ഹങ്കറി,ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും വളരെ പ്രിയമുള്ള നായയാണ്‌ ഇത്.വളരെ നീളമുള്ള രോമമുള്ളതും ഇടത്തരം രോമമുള്ളതുമായ ഇനം ലഭ്യമാണ്.ഏതു കൊടും തണുപ്പിനെയും പ്രതിരോധിക്കാനുള്ള കഴിവും അതോടൊപ്പം എത്ര വലിയ ആക്രമണങ്ങളില്‍ നിന്നും തന്റെ സംരക്ഷണയില്‍ ഉള്ള മൃഗങ്ങളെ രക്ഷിക്കാനുള്ള കഴിവും കൂടിയാവുമ്പോള്‍ ഉടമയുടെ പ്രീയപ്പെട്ട ഇനം ആവുന്നു.

കാവലിനും രക്ഷയ്ക്കും വളരെ സാമര്‍ത്ഥ്യം ഉണ്ടെങ്കിലും വലിയ ആരോഗ്യവും ധൈര്യവും ഉള്ള ഇനമായതിനാല്‍ നല്ല ആരോഗ്യവും കഴിവും നായയെ നിയന്ത്രിക്കാന്‍ ശേഷിയും ഒപ്പം നായകളെ വളര്‍ത്തി പരിചയവുമുള്ള ഒരാള്‍ മാത്രമേ ഇതിനെ വളര്‍ത്താന്‍ തുനിയാവൂ..തന്നെ നിയന്ത്രിക്കാന്‍ ശേഷിയില്ലാത്തവന്‍ ആണ് യജമാനന്‍ എന്നറിഞ്ഞാല്‍ പിന്നെ ഇവയെ നിയന്ത്രിക്കുക അത്യന്തം ശ്രമകരമാണ്.ഒപ്പം മറ്റുള്ളവര്‍ക്ക് അപകടവും.

കൊക്കേഷ്യന്‍ ഷീപ്പ് ഡോഗ്,കൊക്കേഷ്യന്‍ മൌണ്ടന്‍ ഡോഗ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു എഴുപതു കിലോ ശരാശരി ഭാരം വരുമെങ്കിലും തൊണ്ണൂറു മുതല്‍ നൂറു കിലോവരെ ഭാരമുള്ളവയും അസാധാരണമല്ല.

ഏതു കൊടും തണുപ്പും താങ്ങാനുള്ള കഴിവുള്ളതുകൊണ്ട് വെളിയില്‍ വളര്‍ത്താവുന്ന ഈ നായയെ ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ വളര്‍ത്തരുത്.ഇവയ്ക്കു നല്ല വ്യായാമവും വേണം.

ശരാശരി പന്ത്രണ്ടു വയസ്സാണ് ഇവയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

Wednesday, February 25, 2009

83.കറ്റഹോല ലെപ്പെട് ഡോഗ് (Catahoula Leopard Dog)

ഇവയെ മള്‍ട്ടി പര്‍പ്പസ് ഡോഗ് എന്നാണ് വിളിക്കുന്നത്‌.വെട്ടയ്ക്കോ കാവലിനോ ജോലിയ്ക്കോ എന്നുവേണ്ട എന്തിനും ഉപയോഗിക്കാം.പക്ഷെ കരുത്തനും അല്പം കുരുത്തം കേട്ടവനുമായ ഇവയെ നായകളെ വളര്‍ത്തി നല്ല പരിചയമുള്ളവനും അതോടൊപ്പം നല്ല ആരോഗ്യം ഉള്ളവനും വേണം വളര്‍ത്താന്‍.ഉടമയോട് അത്യന്തം വിധേയത്വം പുലര്‍ത്തുന്ന ഇവ പക്ഷെ വേട്ടയ്ക്ക് ഇറങ്ങിയാല്‍ വേറെ സ്വഭാവമാവും.

എന്ത് മൃഗങ്ങളെയും വേട്ടയാടാന്‍ മിടുക്കനായ ഇവ മരത്തിലും കയറാന്‍ അല്പം കഴിവുള്ളവനാണ്‌.ഇവയുടെ ലെപ്പെട് എന്നാ പേരിനു കാരണവും ഇതുതന്നെ.

കറ്റഹോല,കറ്റഹോല, കുര്‍,കറ്റഹോല ഹോഗ് ഡോഗ്,ലൂസിയാന കറ്റഹോല ലെപ്പെട് ഡോഗ് എന്നും പേരുണ്ട്.

പ്രധാനമായും മൂന്നു വംശ പരമ്പരയില്‍ കിട്ടുന്ന ഇവയുടെ ഭാരം വംശത്തിനു അനുസരിച്ച് മാറും.അമ്പത് കിലോ വരെ ഭാരം വരുന്ന റൈറ്റ് ലൈനും,മുപ്പത്തി രണ്ടു കിലോ വരെ വരുന്ന ഫെയര്‍ ബാങ്ക്സും,ഇരുപത്തി ആറു കിലോ വരെ വരുന്ന മാക്‌ മില്ലനും ഇക്കൂട്ടത്തില്‍ പെടുന്നു. ഏതായാലും ഇരുപത്തി ആറു ഇഞ്ച് ഉയരത്തില്‍ കൂടുതല്‍ വരില്ല.

കാവലിനും രക്ഷയ്ക്കും വളരെ സമര്‍ത്ഥന്‍ ആയ ഇവ പക്ഷെ മറ്റു നായകളോടും അപരിചിതരോടും വളരെ മോശമായി പെരുമാറും.ആക്രമിച്ചാല്‍ പിന്മാറാത്ത സ്വഭാവവും മികച്ച ആരോഗ്യവും ആവുമ്പോള്‍ വളരെ അപകടകാരിയാവുന്നതിനാല്‍ വളര്‍ത്തുന്നവര്‍ നന്നായി ശ്രദ്ധിക്കണം.

പത്തു മുതല്‍ പതിനാലു വയസ്സുവരെ ആയുസ്സുള്ള ഈ അമേരിക്കന്‍ നായയുടെ ഒരു പ്രസവത്തില്‍ എട്ടു മുതല്‍ പന്ത്രണ്ട് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

82.കാര്‍ഡിഗന്‍ വെല്‍ഷ് കോര്‍ഗി (Cardigan Welsh Corgi)

ബ്രിട്ടീഷ് കാരനായ ഈ നായയുടെ ഉടല്‍ നീളം ആകെ ഉയരത്തിനെക്കാള്‍ കൂടുതല്‍ ആയതുകൊണ്ട് ഡാഷ് ഹണ്ട് ഇനത്തോട് ചെറിയ സാമ്യം തോന്നാം.എന്നാല്‍ ഇവയുടെ ചെവി കുറുക്കന്റെ ചെവിയുടെത് പോലെയാണ്.വലിയ ഇനം നായ അല്ലെങ്കിലും ഉടമയോടുള്ള കൂറ്,അനുസരണ കുട്ടികളോടുള്ള പെരുമാറ്റം ഇവയെല്ലാം മികച്ചതാണ്.

അതേപോലെ ജന്മനാ ആട്ടിന്‍,പശു കൂട്ടങ്ങളെ മേയ്ക്കുന്ന സ്വഭാവം മൂലം തന്റെ ചുറ്റുപാടിനെ സംരക്ഷിക്കുന്ന സ്വഭാവവും ജന്മസിദ്ധം തന്നെ.പക്ഷെ കൂടുതല്‍ കര്‍ശനമായി ഇടപെട്ടാല്‍ അല്പം മുന്‍ശുണ്ടി കാട്ടിയെന്നും വരും.അല്പം പരിചയ സമ്പന്നനായ ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.എന്നാലും തുടക്കക്കാര്‍ക്കും പ്രശ്നങ്ങള്‍ ഇല്ലാതെ വളര്‍ത്താന്‍ പറ്റിയ ഇനം തന്നെ.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം പതിനെട്ടു കിലോ വരെ വരാം.

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും.അഥവാ പൂച്ചയുണ്ടെങ്കില്‍ ചെറുപ്പം മുതല്‍ ഇവയുമായി ഇണക്കി വളര്‍ത്താന്‍ ശ്രമിക്കുക.കാവലിനു മികച്ചയിനമായ ഇവ രക്ഷയ്ക്കായി വളര്‍ത്തിയാലും മിടുക്കന്‍ തന്നെ.

പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴു കുട്ടികള്‍ വരെയുണ്ടാവാറുണ്ട്

"ഹെര്‍ഡിംഗ്"ഗ്രൂപ്പില്‍ ആണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Monday, February 16, 2009

81.കേന്‍ കോര്‍സൊ (Cairn Corso)

വലിയയിനം നായ ആയ ഇവ നന്നായി പെരുമാറാന്‍ മിടുക്കനാണ്.പക്ഷെ ചെറുപ്പത്തിലെ ഇവയ്ക്ക് നല്ല പരിശീലനം കൊടുക്കണം.ഇവയുടെ ഉയരത്തെക്കാള്‍ നീളമുള്ള ശരീരവും മിക്കപ്പോഴും മുറിക്കുന്ന ചെവിയും കാണാന്‍ നല്ല കാഴ്ചയാണ്.വീട്ടുകാരോട് നല്ല സ്നേഹവും അനുസരണയും കാട്ടുന്ന ഇവ വീടിനെയും വീട്ടുകാരെയും രക്ഷിക്കാന്‍ മരണം വരെ പൊരുതാന്‍ മടിക്കാത്തയിനമാണ്.

ഇറ്റാലിയന്‍ മാസ്റ്റിഫ് ,സിസിലിയനോസ് ബ്രാഞ്ചിറോ,കേന്‍ ഡി മസേലിയോ,ഇറ്റാലിയന്‍ കോര്‍സൊ ഡോഗ്,ഇറ്റാലിയന്‍ മോലോസോ എന്നൊക്കെ ഇവന് പേരുണ്ട്.

ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് അറുപത്തിനാല് കിലോവരെ ഭാരം വയ്ക്കും.

മറ്റു മാസ്റ്റിഫ് ഇനങ്ങളെ പോലെ തുപ്പലോലിപ്പിക്കില്ല ഇവന്‍.വീട്ടുകരെയല്ലാതെ മറ്റുള്ളവരോട് മോശമായി പെരുമാറുന്ന ഇവനെ മറ്റുള്ളവരുടെ അടുത്ത്‌ അധികം വിടാതിരിക്കുകയാവും നല്ലത്.

കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്ക് തീര്‍ത്തും മികച്ചവന്‍ എന്ന് പ്രത്യേകം പറയേണ്ട ഇനമാണ്.

ഇറ്റലികാരനായ ഇവന് ശരാശരി പതിനൊന്നു വയസ്സ് ആയുസ്സുണ്ട്.

80.കനാന്‍ ഡോഗ് (Canaan Dog)

ഇസ്രയേല്‍ കാരനായ ഇവ ഇടത്തരം വലിപ്പമുള്ളതും നല്ല ആരോഗ്യവും ബുദ്ധിയും ഉണ്ടെങ്കിലും മെരുങ്ങാന്‍ അല്പം മടികാണിക്കുന്നവനാണ്. വീട് വിട്ടോടി പോകുന്നത് ഇവന്റെ ഒരു സ്വഭാവ വൈകൃതമാണ്. അതേപോലെ നിര്‍ത്താതെ കുരയ്ക്കുന്നതും ഒരു ശല്യമാവാറുണ്ട്.എന്നാല്‍ ചെറുപ്പത്തില്‍ മികച്ച പരിശീലനം കൊടുത്താല്‍ ഇവയുടെ ബുദ്ധിയും കഴിവും ഗുണകരമായി ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഇവയെ പോലീസിലും പട്ടാളത്തിലും വരെ ഉപയോഗപ്പെടുത്തുണ്ട്.പ്രധാനമായും പട്ടാളത്തില്‍ കുഴി ബോംബ് മറ്റും കണ്ടെത്താനാണ്‌ ഇവനെ ഉപയോഗിക്കുന്നത്.

കലീഫ് കനാനി എന്നും ഇവന് പേരുണ്ട്.

ഇരുപത്തിനാല് ഇഞ്ച് വരെ ഉയരം വരുന്ന ഇവയ്ക്ക് ഇരുപത്തി അഞ്ചു കിലോവരെ ഭാരവും ഉണ്ടാവാറുണ്ട്.

വീട്ടുകാരോട് മാത്രം അടുപ്പം കാണിക്കുന്ന ഇവ പുതിയ സാഹചര്യത്തോടും പുതിയ ആളുകളോടും അടുപ്പം കാട്ടാറില്ല.അതുകൊണ്ട് തന്നെ വീട്ടിലെ അല്ലാത്ത ആളുകളും കുട്ടികളും ഇവനോട് അടുക്കുന്നത് അല്പം സൂക്ഷിക്കുന്നതാവും നന്ന്.

കാവലിനും രക്ഷയ്ക്കും വളരെ നല്ലയിനമാണ്.

ചെറുപ്പത്തിലെ നല്ല പരിശീലനം കൊടുക്കണം.പത്തു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറു കുട്ടികള്‍ വരെയുണ്ടാവാറുണ്ട്.

79.കൈണ്‍ ടെറിയര്‍ (Cairn Terrier)

താരതമ്യേന ചെറിയ ഇനം നായ ആണെങ്കിലും വളരെ ചുറുചുറുക്കുള്ള സ്വഭാവം കൊണ്ടുതന്നെ ആളുകളെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മിടുക്കനാണ്.പക്ഷെ പരീശീലനത്തോട് ചിലപ്പോള്‍ നന്നായി പ്രതികരിക്കണം എന്നില്ല.മിക്കപോഴും കളിച്ചുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഈയിനം കൃമി കീടങ്ങളെ പിടിക്കാനും മിടുക്കനാണ്.മണ്ണിലും മറ്റുമുള്ള കീടങ്ങളെ മാന്തിയെടുത്ത് കളിക്കാനും കഴിക്കാനും ഉള്ള പ്രവണതയുണ്ട്.

ഒരടി വരെ ഉയരം വരുന്ന ഇവയ്ക്ക് എഴുകിലോ വരെ ഭാരവും വരാറുണ്ട്‌.

ഓടിച്ചാടി നടക്കാന്‍ ഇഷ്ടമുള്ളവന്‍ എങ്കിലും മുറ്റവും മറ്റും കുഴികുഴിക്കുന്ന സ്വഭാവം ചെറുപ്പത്തിലെ മാറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ മണ്ണുള്ളയിടം മുഴുവന്‍ തന്നാലാവും വിധം കുഴികള്‍ കുഴിക്കാന്‍ ഇവന്‍ മടിക്കാറില്ല.കൃമി കീടങ്ങളെ പിടിക്കാനുള്ള ഈ കുഴി കുഴിക്കല്‍ ചിലപ്പോള്‍ വീട്ടിലെ പൂന്തോട്ടം നശിപ്പിക്കുമ്പോള്‍ പ്രശ്നമാവും.കുട്ടികളോട് വളരെ നന്നായി പെരുമാറുമേങ്കിലും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.

നന്നായി കുരയ്ക്കുന്നത് കൊണ്ടു കാവലിനു മിടുക്കനാണെങ്കിലും എല്ലാവരോടും സൌഹൃദമായി ഇടപെടുന്നതുകൊണ്ട് തന്നെ രക്ഷയ്ക്കുവേണ്ടി വളര്‍ത്താന്‍ കഴിയില്ല.

പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെയാണ് ഈ ബ്രിട്ടീഷ്കാരന്‍ ചെറുനായയുടെ ആയുസ്സ്.ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ അഞ്ചു കുട്ടികള്‍ ഉണ്ടാവാറുണ്ട്.

"ടെറിയര്‍ " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .

Thursday, February 12, 2009

78.കൈര്‍നൂഡില്‍ (Cairnoodle)

പൂകാന്‍,കൈന്‍ പൂ എന്നൊക്കെ പേരുള്ള ഇവ ഒരു സങ്കരയിനമാണ്.

യൂറോപ്പില്‍ സാധാരണമായ ഇവ പൂഡില്‍,കൈന്‍ ടെറിയര്‍ എന്നിവയുടെ സങ്കരമാണ്.ചെറിയ ഇനം നായ ആയ ഇവ നല്ല അനുസരണയും രോഗ പ്രതിരോധശേഷിയും ഉള്ളയിനമാണ്.മിക്ക കെന്നല്‍ ക്ലെബുകളും ഈ ബ്രീഡ് ഒരു ബ്രീഡ് ആയി അംഗീകരിച്ചിട്ടില്ല. പക്ഷെ നായെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ഇവ ജനപ്രിയം തന്നെ.

77.ബുള്‍ മാസ്റ്റിഫ് (Bull Mastiff)

വളരെ മാന്യനും അതേപോലെ കരുത്തനുമായ ഒരിനമാണ്‌ ബുള്‍ മാസ്റ്റിഫ്. അടുത്തിടെ ഏറ്റവും കൂടുതല്‍ കേന്നേല്‍ ക്ലബുകള്‍ വളര്‍ത്തുന്ന ഇനവുമാണ് ഇത്.വളരെ മികച്ച അനുസരണയും അതേപോലെ സേവന സന്നദ്ധനുമായ ഇനവുമായതിനാല്‍ എപ്പോഴും ഉടമയുടെ പ്രിയപ്പെട്ടവന്‍ ആയിരിക്കും ഇവ.

ഒരിക്കലും ഒരു ആക്രമണത്തില്‍ നിന്നും പേടിച്ചു ഓടാത്ത പ്രകൃതം ആണെങ്കിലും അപകടകാരിയായ ഇനമല്ല.പക്ഷെ സ്നേഹവും കഴിവും ഉള്ള ഒരാള്‍ വളര്‍ത്തുന്നതാവും നല്ലത്.

ഇരുപത്തിഎഴ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവ അറുപതു കിലോവരെ ഭാരവും വയ്ക്കാം.അതെ പോലെ ചുറുചുറുക്കും ഉള്ള ഇനമായതിനാല്‍ അല്പം ആരോഗ്യമുള്ളവര്‍ വളര്‍ത്തുന്നതാവും നല്ലത്.

മറ്റുനായകളെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഇവ പക്ഷെ വീട്ടിലെ കുട്ടികളോട് വളരെ നന്നായി പെരുമാറുന്ന ഇനമാണ്.അതേപോലെ പേടി ഒട്ടും ഇല്ലാത്ത ഇനമായ ഇവന്‍ ചിലപ്പോഴൊക്കെ ദുര്‍വ്വാശി കാണിക്കുകയും ചെയ്യും.നല്ല അനുസരണയും ഉണ്ട്.

കാവലിനും രക്ഷയ്ക്കും ഏറ്റവും മികച്ചയിനമാണ്.നല്ലപരിശീലം കൊടുത്താല്‍ ഒരു അംഗരക്ഷകനെ ഒഴിവാക്കി ഇവയെ വേണമെങ്കില്‍ ആ ചുമതല ഏല്‍പ്പിക്കാം.അത്രകണ്ട് സമര്‍ത്ഥനും ബുദ്ധിശാലിയുമാണ് ഇവ.നല്ല അനുസരണയുള്ള ഇനം ആണെങ്കിലും ചെറുപ്പത്തില്‍ നല്ല പരിശീലനം കൊടുക്കണം.അതുപോലെ എല്ലാകാര്യവും വളരെ പെട്ടെന്ന് തന്നെ പഠിച്ചേടുക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.

എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്.ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.ഈയിനവും ബ്രിട്ടീഷ്കാരന്‍ തന്നെ.

76.ബുള്‍ ഡോഗ് (Bull Dod)

ബുള്‍ ഡോഗിനെ ബ്രിട്ടിഷ് ജനത വെറും ഒരു നായെന്നതിലുപരി തങ്ങളുടെ അഭിമാനമായി ആണ് കാണുന്നത്.അധികം ഉയരമില്ലാത്ത കരുത്തനായ ഈ മാന്യന്‍ വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം നായകളില്‍ മുമ്പനാണ്.ചതുരാകൃതിയുള്ള ശരീരവും ചുളിഞ്ഞ മുഖവും ഉള്ള ഇവയുടെ രൂപം തന്നെ വളരെ വെത്യസ്തമാണ്.അല്പം തമാശപ്രിയനായ ഇവ നീന്താന്‍ കഴിയാത്ത നായ ആയതിനാല്‍ വെള്ളത്തില്‍ വീഴാതെ നോക്കണം.

ശ്വാസം മുട്ടലും കൂര്‍ക്കം വലിയും ഇല്ല ഇവ അധോവായൂവിന്റെ ശല്യവും ഉള്ളയിനമാണ്.പ്രായമുള്ളവര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ഇനമായതിനാല്‍ ബ്രിട്ടനില്‍ പ്രായമുള്ളവര്‍ വളരെ പ്രിയത്തോടെ ഇവയെ വളര്‍ത്തുന്നു.ഇംഗ്ലീഷ് ബുള്‍ ഡോഗെന്നും ഇവയ്ക്ക് പേരുണ്ട്.

പതിനാറ് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് ഇരുപത്തി അഞ്ചു കിലോവരെ ഭാരം വയ്ക്കും.

കാവലിന് മോശമാണെങ്കിലും ആവശ്യമെങ്കില്‍ രക്ഷയ്ക്ക് നല്ലയിനമായ ബുള്‍ഡോഗ് ചിലപ്പോള്‍ മറ്റു നായകളോട് മോശമായി പെരുമാറിയെന്ന് വരും.അധികം വ്യായാമം ഈയിനം നായകള്‍ക്ക് കൊടുക്കരുത്‌.അതേപോലെ വലിയചൂടും ഇവയ്ക്ക് താങ്ങാന്‍ കഴിയില്ല.

എട്ടുമുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.മികച്ചയിനങ്ങളില്‍ ഒന്നായതുകൊണ്ട് തന്നെ വളരെയധികം ക്രോസ് ബ്രീഡ് ഉണ്ടാക്കാന്‍ ഇവയെ ഉപയോഗിക്കുന്നു.