Tuesday, June 30, 2009

115.ഡോഗ് ഡേ ബോര്‍ഡ്യൂക്സ്‌ (Dogue De Bordeaux)


കരുത്തനും അതോടൊപ്പം സ്നേഹിക്കാന്‍ കൊള്ളാവുന്നവനുമായ ഈയിനം വളരെ ചെറുപ്പത്തിലേ പരിശീലനം കൊടുക്കപ്പെടെണ്ട ഇനങ്ങളില്‍ പെടുന്നവയാണ്. മറ്റു നായകളോടും മൃഗങ്ങളോടും മോശമായി പെരുമാറുന്ന പ്രവണത ചെറുപ്പത്തിലേ പരിശീലനം കൊടുത്ത് മാറ്റണം. മാസ്റ്റിഫ് ഇനത്തില്‍ പെടുന്ന ഈ നായ അല്പം അഹങ്കാരിയും താന്തോന്നിയും ആണെങ്കിലും നല്ലപരിശീലനം കൊടുത്താല്‍ ഉടമയോടും കുടുംബത്തോടും നല്ല സ്നേഹവും അടുപ്പവും ഉള്ള ഇനമായിരിക്കും. തന്റെ ചുറ്റുപാടും കാവല്‍ ഒരു ദൌത്യം പോലെ ഏറ്റെടുത്തു ആരെങ്കിലും കടന്നുവന്നാല്‍ അവരെ ആക്രമിച്ചു തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇവയ്ക്കുള്ള കഴിവ്‌ പ്രശംസനീയം തന്നെ. നല്ല പേശീബലവും സ്റ്റാമിനയും ഇവയ്ക്കുണ്ട്.

ഫ്രാന്‍സില്‍ ഫ്രഞ്ച് മാസ്റ്റിഫ് എന്നും അറിയപ്പെടുന്ന ഈ ഫ്രഞ്ച്കാരന്‍ നായക്ക് സ്പെയിനില്‍ ഡോഗ് ഡേ ബുര്‍ഗോസ് എന്നും ഇറ്റലിയില്‍ മാസ്റ്റിനോ നെപോളിറ്റാനോ എന്നും പേരുണ്ട്. നീയോപൊളിറ്റന്‍ മാസ്റ്റിഫ് ഈയിനമല്ല.

ഇരുപത്തിഎട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഈയിനം അമ്പത് കിലോവരെ ഭാരവും വയ്ക്കുന്ന ഇനമാണ്. എന്നാല്‍ ചിലനായകള്‍ രണ്ടര അടി ഉയരവും എഴുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കാറുണ്ട്.

ചെമ്പന്‍ കളറുള്ള ഈ നായക്ക് ചിലപ്പോള്‍ ചില വെള്ളപ്പുള്ളികള്‍ ശരീരത്ത് ഉണ്ടാവുമെങ്കിലും അധികം പുള്ളികള്‍ അനുവദനീയമല്ല. അധികം നീളമില്ലാത്ത രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. രോമങ്ങള്‍ മിക്കവാറും നല്ല മിനുസമുള്ളതായിരിക്കും.
വീട്ടിലെ കുട്ടികളെ ഈ നായയുടെ കൂടെ ധൈര്യമായി കളിക്കാന്‍ വിടാം. ഇവ കുട്ടികളോട് വളരെ നന്നായി മാത്രമേ പെരുമാരൂ. ചെറുപ്പത്തില്‍ ശീലിപ്പിച്ചു എങ്കില്‍ വീട്ടിലെ നായകളോടും നന്നായി പെരുമാറും. മറ്റുനായകളെ ഇതിന്റ കൂടെ വിടാതിരിക്കുകയാവും ഭേദം.

കാവലിനു ശരാശരി ആണെങ്കിലും രക്ഷയ്ക്ക് അതീവ സാമര്‍ത്ഥ്യം ഉള്ളവയാണ് ഈയിനം.
ഇവയെ വളര്‍ത്തുന്നവര്‍ അത്യാവശ്യം ആരോഗ്യമുള്ളവരും നായയെ പരിശീലിപ്പിക്കാന്‍ കഴിവുള്ളവരും ആയിരിക്കണം. വ്യായാമം ആവശ്യമുള്ള ഇനമാണ്‌ ഇത്.
എട്ട് മുതല്‍ പത്തുവയസ്സ് ആയുസ്സുള്ള ഈ ഇനം നായയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

Saturday, June 20, 2009

114.ഡോഗോ അര്‍ജെന്റിനോ (Dogo Argentino)





***HIGHLY DANGEROUS BREED**** (No.3)
***ലോകത്തില്‍ ഏറ്റവും അപകട കാരിയായ ഇനം***(No.3)



അതീവ കരുത്തനായ ഈ നായയെ Dangerous Dogs Act 1991 പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പെടുന്നു. ലോകത്തില്‍ ഏറ്റവും അപകടകാരിയായ മൂന്നാമത്തെ നായയാണ്‌ ഇവ. വേട്ടയ്ക്ക് ഏറ്റവും മിടിക്കനായ ഇവ കാട്ടുപന്നിയേയും ചെറിയ പുലികളെയും വരെ ആക്രമിക്കാന്‍ കഴിവുള്ള ഇനമാണ്. ഇവ ആക്രമിക്കുമ്പോള്‍ വേട്ടക്കാരന്‍ ആ മൃഗങ്ങളെ വെടിവേയ്ക്കുകയാണ് പതിവ്‌. പന്നിയെയും മറ്റും ദീര്‍ഘനേരം കടിച്ചു പിടിക്കാനുള്ള ഇവയുടെ കഴിവ് അസാമാന്യം ആണ്. ഹൃസ്വദൂരം വെടിയുണ്ടപോലെ പായാന്‍ കഴിവുള്ള ഇവ ദീര്‍ഘദൂരം ഓടാനും കഴിവുള്ള ഇനമാണ്‌.

കാഴ്ചയില്‍ തന്നെ കരുത്തു തോന്നിക്കുന്ന ഇവയ്ക്കു ഉയരത്തേക്കാള്‍ നല്ല നീളം ഉണ്ട്. പെണ്‍ പട്ടികള്‍ക്ക് ആണ്‍പട്ടികളെ അപേക്ഷിച്ച് കൂടുതല്‍ നീളം ഉണ്ടാവാറുണ്ട്. വെളുത്ത മിനുസമുള്ള രോമത്തോട് കൂടിയ ഇവയുടെ ചെവി സ്വാഭാവികമായി അല്പം മടങ്ങിയതാണ്. വീട്ടുകാരോടും ഉടമയോടും നല്ല സ്നേഹമുള്ള ഇവ വീട്ടിലെ കുട്ടികളോടും വളരെ നന്നായി പെരുമാറും. അപരിചിതര്‍ ഇവയുടെ അടുത്ത്‌ അധികം പോകാതിരിക്കുന്നതാണ് നല്ലത്.

കാവലിനു അതീവ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കായി ഉപയോഗിക്കാന്‍ ഏറ്റവും നല്ലയിനങ്ങളില്‍ മുമ്പനാണ്.

തന്റെ ജീവന്‍ കൊടുത്തും ഉടമയെയും കുടുംബത്തെയും രക്ഷിക്കാന്‍ ഇവ കഴിവുള്ളതും സന്നദ്ധനുമാണ്.
കളികളില്‍ പങ്കെടുക്കാനും വീട്ടുകാരോട് ഒത്തു നടക്കാനും വളരെ ഇഷ്ടമുള്ളയിനമാണ് ഇവ.

അര്‍ജെന്റനിയന്‍ മാസ്റ്റിഫ് എന്നും ഇവയ്ക്കു പേരുണ്ട്.

ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അറുപതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.

അല്പം ദേഷ്യക്കാരന്‍ ആണെങ്കിലും അതീവ ബുദ്ധിശാലിയായ ഈയിനത്തെ നന്നായി പരിശീലിപ്പിക്കണം. മറ്റു മൃഗങ്ങളോട് പരിചയപ്പെടുത്തി വളര്‍ത്തിയില്ലെങ്കില്‍ അവയെ വേട്ടയാടുന്ന സ്വഭാവം കാട്ടുമെന്നതിനാല്‍ അല്പം ശ്രദ്ധ കൊടുത്ത് പരിശീലിപ്പിക്കുക.അനുസരണ വളരെ ചെറുപ്പത്തിലേ പഠിപ്പിക്കണം. അതേപോലെ തന്നെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളോടും ഇണക്കി വളര്‍ത്തുക. നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്.ഇപ്പോഴും വെയിലില്‍ നിര്‍ത്താതെ തണലില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം.

ഇവയ്ക്കു ഏറെനേരം സൂര്യപ്രകാശം അടിച്ചാല്‍ അല്പം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. സണ്‍ ബണ്‍ ഇവയെ അലട്ടുന്ന പ്രശ്നമാണ്. ഏകദേശം പത്തുശതമാനത്തോളം നായക്കുട്ടികള്‍ ബധിരന്‍മാരായി ജനിക്കാറുണ്ട്.

ശരാശരി പത്തുമുതല്‍ പന്ത്രണ്ടു വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

Monday, June 15, 2009

113.ഡോബര്‍മാന്‍ (Doberman Pinscher)

ഡോബര്‍മാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോബര്‍മാന്‍ പിഞ്ചര്‍ ജര്‍മ്മന്‍കാരന്‍ ആണ്. എല്ലാ ജര്‍മ്മന്‍ നായകളെയും പോലെ സമര്‍ത്ഥനായ ഇവയും തങ്ങളുടെ ജോലി ഫലപ്രദമായി ചെയ്തുതീര്‍ക്കാന്‍ കഴിവുള്ള ഇനമാണ്. എന്നാല്‍ ചില നായകള്‍ അല്പം നാണം കുണുങ്ങി സ്വഭാവം കാനിക്കുമെന്നാലും പരിശീലനത്തിലൂടെ പൂര്‍ണമായും അതുമാറ്റിയെടുക്കാം.

ജര്‍മ്മന്‍ പട്ടാളത്തിലും പോലീസിലും ധാരാളം ഡോബര്‍മാന്‍ ഇനത്തിലുള്ള നായകള്‍ ഉള്ളതിനാല്‍ ഇവയെ പോലീസ്‌ ഡോഗ് എന്നും വിളിക്കാറുണ്ട്. ഇടത്തരം മുതല്‍ അല്പം കൂടുതല്‍ വളരെ വലിപ്പവും ആരോഗ്യമുള്ളതും ഒതുക്കമുള്ളതുമായ ശരീരവും ഇവയുടെ പ്രത്യേകതയാണ്. അപരിചിതരോടും മറ്റു നായകളോടും ഒട്ടും അടുപ്പം കാണിക്കാത്ത ഇവ പരിശീലനം കൊടുത്താല്‍ കുട്ടികളോടും മറ്റു മൃഗങ്ങളോടും നന്നായി പെരുമാറും. ഒട്ടും പേടിയില്ലാത്ത ഈ ഇനം തങ്ങളുടെ അധീനതയിലുള്ള സ്ഥലവും വസ്തുവും കാക്കാന്‍ മിടുക്കനാണ്.

നാല്പതു കിലോവരെ ഭാരം വയ്ക്കാവുന്ന ഈയിനം ഇരുപത്തി എട്ടു ഇഞ്ച് വരെ ഉയരം വയ്ക്കാറുണ്ട്.

ടൂറിഞ്ചാര്‍ പിഞ്ചര്‍ , പ്ലീസേല്ഷ് സോല്‍ടന്റ്റ്ഹണ്ട് എന്നും ഇവയ്ക്കു പേരുണ്ട്.

നല്ല ആരോഗ്യവും, ചുറുചുറുക്കും ഉള്ള ഇവയ്ക്കു നല്ല വ്യായാമം ആവശ്യമാണ്. ഇവയുടെ ആകരവടിവ്‌ നിലനിര്‍ത്താന്‍ ഓടാന്‍ കൊണ്ടുപോകുന്നതും നല്ലതാണ്. പരിശീലനം കൊടുത്താല്‍ നല്ല അനുസരണയും അത് മനസ്സിലാക്കാനുള്ള ബുദ്ധിയും ഉള്ള ഇനമായതിനാല്‍ ഉടമയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു കൂട്ടുകാരനായും ഇതിനെ ഉപയോഗിക്കാം,

കാവലിനായാലും രക്ഷയ്ക്കായാലും നന്നായി ഉപയോഗിക്കാന്‍ കഴിയുന്നവ ആണ് ഡോബര്‍മാന്‍.

പത്തുമുതല്‍ പതിനഞ്ച് വയസ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

"വര്‍ക്കിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

Saturday, June 13, 2009

112.ഡിങ്കോ (Dingo)

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഈ കാട്ടുപട്ടിയ്ക്കു ഇന്ത്യന്‍ ചെന്നായകളോട് സാമ്യം ഉണ്ടെങ്കിലും ആസ്ട്രേലിയന്‍ വംശജന്‍ എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ ആസ്ട്രേലിയയില്‍ ധാരാളം കാണപ്പെടുന്ന ഇവയെ മറ്റു ചില ഏഷ്യന്‍ രാജ്യത്തെ കാടുകളിലും കാണപ്പെടുന്നു.

പൂര്‍ണ്ണമായും ഒരു നാട്ടു പട്ടി എന്ന് പറയപ്പെടാണോ ഇണക്കപ്പെടാണോ കഴിയാത്ത ഇനമാണ്‌. കാട്ടുപട്ടികളുടെ സ്വാഭാവികഗുണം ഇതുവരെ മാറാത്ത ജനുസ്സാണ് ഇവ. രണ്ടടിയോളം ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം സാധാരണഗതിയില്‍ മുപ്പതു കിലോവരെ ആകാമെങ്കിലും അമ്പത് കിലോവരെയുള്ള ഡിങ്കോകളും അത്ര അസാധാരണമല്ല.

പല നിറത്തിലുള്ള ഡിങ്കോ ഉണ്ട്. ഇവയുടെ രോമത്തിന്റെ രീതിയും നീളവും ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ളവ ആയതിനാല്‍ ഏകീകൃത സ്വഭാവം ഉണ്ടാവണം എന്നില്ല.പൊതുവേ പറഞ്ഞാല്‍ അനുസരണ വളരെ കുറവായ ഈ നായയെ സ്വഭാവ പരിശീലനം കൊടുക്കുക വളരെ പ്രയാസമാണ്.

ആരോടെങ്ങനെ പ്രതികരിക്കും എന്നറിയാത്തതുകൊണ്ട് തന്നെ കുട്ടികളുമായി അധികം ചങ്ങാത്തത്തിന് വിടാതെ നോക്കണം. കാര്യങ്ങള്‍ പഠിക്കുന്ന കാര്യത്തിലും വളര പിറകിലാണ് ഇത്തരം നായ.എത്ര ചൂടുള്ളതോ മോശമായതോ ആയ കാലാവസ്ഥയും തരണം ചെയ്യുന്ന ഇവയെ ഫ്ലാറ്റ്‌ ജീവിതത്തിന്‌ വളര്‍ത്താന്‍ കൊള്ളാവുന്ന ഇനമല്ല. ഗ്രാമവും അത്യാവശ്യം വ്യായാമത്തിനു ഇടമുള്ളതുമായ ജീവിത സൌകര്യമാണ് ഡിങ്കോ ഇഷ്ടപ്പെടുന്നത്.

ഇരുപതു വയസ്സ്‌ വരെയോളം ആയുസ്സുള്ള ഡിങ്കോയുടെ ഒരു പ്രസവത്തില്‍ അഞ്ചു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

കനേഡിയന്‍,ആസ്ട്രേലിയന്‍ കേന്നേല്‍ ക്ലബുകള്‍ ഇവയെ ഒരു ബ്രീഡ്‌ ആയി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അമേരിക്കന്‍ കേന്നേല്‍ ക്ലബ്‌ ഇവയെ ഒരു ബ്രീഡ്‌ ആയി അംഗീകരിച്ചിട്ടില്ല.

Wednesday, June 10, 2009

111.ഡാണ്ടി ഡിന്‍മോണ്ട് ടെറിയര്‍ (Dandie dinmont terrier)

സ്നേഹമുള്ളയിനം ആണെങ്കിലും അല്പം വഴക്കാളി ആയതിനാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളര്‍ത്തുന്നതാവും ഉചിതം. ടെറിയര്‍ ബ്രീഡുകളുടെ തനിസ്വഭാവം ചിലപ്പോള്‍ കാട്ടുമെന്ന് സാരം. നന്നായി കളിക്കാനും ഓടി നടക്കാനും ഇഷ്ടപെടുന്ന ഇവ ചിലപ്പോള്‍ പൂന്തോട്ടത്തിലും മുറ്റത്തും മറ്റും കുഴിമാന്തിയെന്നും വരും.

ചെറിയ ഇനം ആണെങ്കിലും കാവലിനും മിടുക്കനനാണ്. രക്ഷയ്ക്ക് പോലും ഉപയോഗിക്കാം.

വീട്ടിലെ മറ്റു നായകളോട് ചിലപ്പോള്‍ വഴക്കിടുന്ന ഇവ മറ്റു ചെറിയ മൃഗങ്ങളെ ആക്രമിചെന്നും വരാം. പിടിക്കുന്ന ജന്തുക്കളെ ചിലപ്പോള്‍ കൊന്നെന്നും വരാമെന്നുള്ളതുകൊണ്ട് വീട്ടിലും അയല്‍വീട്ടിലും മറ്റുമുള്ള ചെറിയ നായകളോ പൂച്ചകളോ മറ്റോ ഇവയുടെ അടുത്ത്‌ പോയാല്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും. മറ്റുനായകളോട് വഴക്കുണ്ടാക്കിയാല്‍ പിടിച്ചു മാറ്റുന്നതാവും നല്ലത്. അല്ലെങ്കില്‍ പിന്മാറാന്‍ തയ്യാറാകാത്ത ഇനമാണ് ഇത്.

ഒരടിയില്‍ താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ. ഇവയ്ക്കു ഏകദേശം പതിനൊന്നു കിലോ തൂക്കം വരെ ഉണ്ടാകാം.

ബ്രിട്ടീഷ്‌കാരനായ ഈയിനം നായ നന്നായി കുരയ്ക്കും. പട്ടണത്തിലെ ഫ്ലാറ്റിലോ വീടുകളിലോ എന്നല്ല ഇവയെ തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലും വളര്‍ത്താന്‍ നല്ലയിനമാണ്. ചെറുപ്പത്തിലേ അല്പം അനുസരണ പഠിപ്പിക്കുന്നത്‌ പിന്നീട് പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഉപയോഗപ്പെടും.

പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.