Sunday, April 12, 2009

98.ചോ ചോ (Chow Chow)

ചൈനക്കാരനായ ഈ സ്പിറ്റ്സ് ഇനത്തില്‍ പെട്ട നായ കാഴ്ചയില്‍ ഒരു കരടിയെപ്പോലെയിരിക്കും. പൊതുവേ അത്ര സൌമ്യനല്ലയെന്ന പേര് ദോഷം വാസ്തവമില്ലാത്തതല്ല. സ്വന്തം വീട്ടുകരോടല്ലാതെ എല്ലാവരും പരുക്കനായി പെരുമാറുന്ന ഇവന്‍ കടിക്കാനും പിന്നിലല്ല. ഈ ദോഷം ചെറുപ്പത്തിലെ പരിശീലനത്തിലൂടെ മാറ്റിയെടുക്കന്നതാണ് നല്ലത്. കരിനാക്കനായ ഈ നായയുടെ ചെറിയ ചെവിയും വായടയ്ക്കുമ്പോള്‍ ദേഷ്യക്കാരന്‍ എന്ന് വിളിച്ചോതുന്ന മുഖവും നീളമേറിയ രോമങ്ങളും ആകര്‍ഷകം തന്നെ.ചൂടും ഈര്‍പ്പവുമുള്ള ട്രോപിക്കല്‍ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത ഈ നായ മിക്കപോഴും അത്തരം കാലാവസ്ഥയില്‍ ചത്തുപോകുക പതിവാണ്.

ഹീ- ഷെ- ടോ‌, ലാന്‍ഗ് കൌ , ഹ്യുസിന്‍ കൌ, ക്വന്റ്ങ്ങ് കൌ, എന്നും ഇവന് പേരുണ്ട്.

ഇരുപത്തി രണ്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്ക് മുപ്പത്തിനാല് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.

പൊതുവേ ദേഷ്യക്കാരനായ ഈയിനം മറ്റുനായകളെയും പൂച്ചകളെയും മാത്രമല്ല ഒരു മൃഗത്തോടും നന്നായി പെരുമാറിയെന്ന് വരില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ മറ്റു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വളരെ സൂക്ഷിക്കണം. വീട്ടില്‍ തന്നെ ഏറ്റവും അടുപ്പം കാട്ടുന്നവരോടും ചിലപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് വരും.

രക്ഷയ്ക്ക് ഏറ്റവും മികച്ച ഇനങ്ങളില്‍ ഒന്നായ ഇവ രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പണ്ട് കാലത്ത് ചൈനയിലെ ക്ഷേത്രങ്ങളിലെ രക്ഷയായിരുന്നു ഇവയുടെ പ്രധാന ജോലി. ഇവയുടെ ഭക്ഷണത്തിന്റെ അടുത്ത്‌ ചെല്ലുന്നത് മിക്കപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും. തന്നെ കൂടിന്റെയോ , ഭക്ഷണത്തിന്റെയോ അടുത്ത്‌ ആരും വരുന്നത് ഇവയ്ക്കു ഇഷ്ടമല്ല.ഇവയെ വേട്ടയ്ക്കും ഉപയോഗിക്കാം.

പൊതുവേ ഗ്രാമപ്രദേശങ്ങള്‍ക്ക് യോജിച്ച ഈയിനം നായ നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്. പരിചയസമ്പന്നനായ ഒരാള്‍ ഇവയെ വളര്‍ത്തുന്നതാണ് നല്ലത്. ആദ്യമായി നായയെ വളര്‍ത്തുന്നവര്‍ ഇവയെ ഒഴിവാക്കിയില്ലെങ്കില്‍ പിന്നീട് വളരെ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

എട്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

No comments: