Tuesday, June 30, 2009

115.ഡോഗ് ഡേ ബോര്‍ഡ്യൂക്സ്‌ (Dogue De Bordeaux)


കരുത്തനും അതോടൊപ്പം സ്നേഹിക്കാന്‍ കൊള്ളാവുന്നവനുമായ ഈയിനം വളരെ ചെറുപ്പത്തിലേ പരിശീലനം കൊടുക്കപ്പെടെണ്ട ഇനങ്ങളില്‍ പെടുന്നവയാണ്. മറ്റു നായകളോടും മൃഗങ്ങളോടും മോശമായി പെരുമാറുന്ന പ്രവണത ചെറുപ്പത്തിലേ പരിശീലനം കൊടുത്ത് മാറ്റണം. മാസ്റ്റിഫ് ഇനത്തില്‍ പെടുന്ന ഈ നായ അല്പം അഹങ്കാരിയും താന്തോന്നിയും ആണെങ്കിലും നല്ലപരിശീലനം കൊടുത്താല്‍ ഉടമയോടും കുടുംബത്തോടും നല്ല സ്നേഹവും അടുപ്പവും ഉള്ള ഇനമായിരിക്കും. തന്റെ ചുറ്റുപാടും കാവല്‍ ഒരു ദൌത്യം പോലെ ഏറ്റെടുത്തു ആരെങ്കിലും കടന്നുവന്നാല്‍ അവരെ ആക്രമിച്ചു തന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇവയ്ക്കുള്ള കഴിവ്‌ പ്രശംസനീയം തന്നെ. നല്ല പേശീബലവും സ്റ്റാമിനയും ഇവയ്ക്കുണ്ട്.

ഫ്രാന്‍സില്‍ ഫ്രഞ്ച് മാസ്റ്റിഫ് എന്നും അറിയപ്പെടുന്ന ഈ ഫ്രഞ്ച്കാരന്‍ നായക്ക് സ്പെയിനില്‍ ഡോഗ് ഡേ ബുര്‍ഗോസ് എന്നും ഇറ്റലിയില്‍ മാസ്റ്റിനോ നെപോളിറ്റാനോ എന്നും പേരുണ്ട്. നീയോപൊളിറ്റന്‍ മാസ്റ്റിഫ് ഈയിനമല്ല.

ഇരുപത്തിഎട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഈയിനം അമ്പത് കിലോവരെ ഭാരവും വയ്ക്കുന്ന ഇനമാണ്. എന്നാല്‍ ചിലനായകള്‍ രണ്ടര അടി ഉയരവും എഴുപത്തിഅഞ്ചു കിലോവരെ ഭാരവും വയ്ക്കാറുണ്ട്.

ചെമ്പന്‍ കളറുള്ള ഈ നായക്ക് ചിലപ്പോള്‍ ചില വെള്ളപ്പുള്ളികള്‍ ശരീരത്ത് ഉണ്ടാവുമെങ്കിലും അധികം പുള്ളികള്‍ അനുവദനീയമല്ല. അധികം നീളമില്ലാത്ത രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. രോമങ്ങള്‍ മിക്കവാറും നല്ല മിനുസമുള്ളതായിരിക്കും.
വീട്ടിലെ കുട്ടികളെ ഈ നായയുടെ കൂടെ ധൈര്യമായി കളിക്കാന്‍ വിടാം. ഇവ കുട്ടികളോട് വളരെ നന്നായി മാത്രമേ പെരുമാരൂ. ചെറുപ്പത്തില്‍ ശീലിപ്പിച്ചു എങ്കില്‍ വീട്ടിലെ നായകളോടും നന്നായി പെരുമാറും. മറ്റുനായകളെ ഇതിന്റ കൂടെ വിടാതിരിക്കുകയാവും ഭേദം.

കാവലിനു ശരാശരി ആണെങ്കിലും രക്ഷയ്ക്ക് അതീവ സാമര്‍ത്ഥ്യം ഉള്ളവയാണ് ഈയിനം.
ഇവയെ വളര്‍ത്തുന്നവര്‍ അത്യാവശ്യം ആരോഗ്യമുള്ളവരും നായയെ പരിശീലിപ്പിക്കാന്‍ കഴിവുള്ളവരും ആയിരിക്കണം. വ്യായാമം ആവശ്യമുള്ള ഇനമാണ്‌ ഇത്.
എട്ട് മുതല്‍ പത്തുവയസ്സ് ആയുസ്സുള്ള ഈ ഇനം നായയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.

1 comment:

പാവപ്പെട്ടവൻ said...

എട്ട് മുതല്‍ പത്തുവയസ്സ് ആയുസ്സുള്ള ഈ ഇനം അത് കഷ്ടമായിപോയി