
നല്ല ആരോഗ്യവും ബുദ്ധിശക്തിയും മാത്രമല്ല നല്ല ചുറുചുറുക്കും ഉള്ള ഡാല്‍മേഷന്‍ ഇപ്പോഴും ഓടിനടക്കാന്‍ ഇഷ്ടമുള്ള നായയാണ്. ഉടമ ഇവയെ തനിച്ചാക്കി സ്ഥലം വിട്ടാല്‍ ആകെ മൂഡ്ഔട്ട് ആകുന്ന ഡാല്‍മേഷന്‍ അപരിചിതരോട് അത്ര നല്ല സ്നേഹം കാട്ടാറില്ല. ജനിക്കുമ്പോള്‍ വെള്ളകളറോട് കൂടി ജനിക്കുന്ന ഇവയ്ക് പിന്നീട് കറുത്ത പുള്ളികള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. കുതിരകളോട് അല്പം അടുപ്പം കാട്ടുന്ന ഈ പഴയ യുഗോസ്ലാവ്യകാരന്‍ നായ കരുത്തുള്ള ശരീരവും സമീകൃതമായ ആകാരവുമുള്ള നായയാണ്.
രണ്ടടി വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
നീളം കുറഞ്ഞ മിനുക്കമുള്ള രോമം ഇവയുടെ പ്രത്യേകതയാണ്.കാറുകളോടും കുതിരകളോടും പ്രത്യേക ഇഷ്ടം കാട്ടുന്ന ഇവയെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളുമായി ഇണക്കത്തില്‍ വളര്‍ത്തിയാല്‍ നന്നായി പെരുമാറും. എന്നാല്‍ മറ്റു നായകളോടും മൃഗങ്ങളോടും വളരെ മോശമായി ചെലപ്പോള്‍ പെരുമാറിയെന്നും വരാം. ചെറുപ്പത്തില്‍ നല്ല വ്യായാമവും പരിശീലനവും കൊടുക്കുന്നത് വളരെ നല്ലതായിരിക്കും.
കാവലിനു വളരെ നല്ലയിനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്തിയാല്‍ ശരാശരിയില്‍ മേലെ മികച്ചയിനം ആയിരിക്കും.
ഇടയ്ക്കിടെ ഇവയുടെ രോമം ഒന്ന് ചീകി കൊടുക്കുന്നത് നന്നായിരിക്കും. രോമം പൊഴിച്ചില്‍ അത്യാവശ്യം ഉള്ളയിനമാണ് ഇത്. ചെറുപ്പത്തിലേ പരിശീലനങ്ങള്‍ കൊടുക്കണം. നല്ല ബുദ്ധിയും തിരിച്ചറിവും കായികശേഷിയും ഉള്ളയിനം ആയതിനാല്‍ ചെറുപ്പത്തിലെ ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും.
ചില ഡാല്‍മേഷന്‍ കേഴ്വികുറവോ കേഴ്വി ഒട്ടുമില്ലാതെ വരികയോ ചെയ്യാറുണ്ട്. അതുപോലെ നായകളില്‍ മൂത്രത്തില്‍ കല്ല് ഉണ്ടാകാന്‍ സാധ്യതയുള്ളയിനവും ഇത് തന്നെയാണ്. ചിലയിനത്തില്‍ ഉള്ള അലര്‍ജികളും അപസ്മാരവും ഈയിനം നായകള്‍ക്ക് ഉണ്ടാവാറുണ്ട്.
ശരാശരി പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ എട്ടുമുതല്‍ പത്തു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
അല്‍ബനിയയ്ക്ക് വടക്കുള്ള തീരപ്രദേശമായ ഡാല്‍മേഷ്യയില്‍ നിന്നാണ് ഇവന് ഈ പേര് ലഭിക്കുന്നത്. നായ പ്രദര്‍ശനങ്ങളിലും സര്‍ക്കസിലും ഡാല്‍മേഷന്‍ പ്രീയപ്പെട്ട ഇനമാണ്.